Advertisement

ടോട്ടനത്തിൽ കളി പഠിച്ച് പ്രീമിയർ ലീഗ് ക്ലബുകളിൽ സംഭവബഹുലമായ കരിയർ; ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിൽ

October 5, 2020
9 minutes Read
Gary Hooper Kerala Blasters

ആരാധകരുടെ ആകാംക്ഷകൾക്കിടയിൽ മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ഗാരി ഹൂപ്പറുമായുള്ള കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഇംഗ്ലണ്ടിലെ ഹാർലോയിൽ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പർ, ഏഴാം വയസിൽ തന്നെ ടോട്ടനം ഹോട്‌സ്പർ അക്കാദമിയിൽ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു. ലില്ലി വൈറ്റ്‌സിലെ ഏഴുവർഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്‌ലറ്റിക്കിൽ ചേർന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയർ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോൺഫറൻസ് സൗത്തിലേക്ക് (നാഷണൽ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തെൻഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ താരം നേടി. സൗത്തെൻഡിലെ രണ്ടുവർഷം തുടർന്നുള്ള സീസണുകളിൽ രണ്ടു വിജയകരമായ വായ്പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളുമായി ഹെർഫോർഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വൺ ക്ലബ്ബായ സ്‌കന്തോർപ് യുണൈറ്റഡിൽ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

Read Also : മെസി ബൗളിയും ബ്ലാസ്റ്റേഴ്സ് വിട്ടു

സ്‌കന്തോർപിലെ മികച്ച ഫോം 2010ൽ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കിൽ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണിൽ തന്നെ സെൽറ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പർ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടർന്നുള്ള രണ്ടു സീസണുകളിൽ തുടർച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളിൽ 31 ഗോൾ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസൺ പ്രകടനം ഡബിൾ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.

അടുത്ത സീസണിൽ നോർവിച്ച് സിറ്റി എഫ്‌സിയുമായി കരാർ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറർ ആയാണ് ഹൂപ്പർ നോർവിച്ചിനൊപ്പം ആദ്യവർഷം പൂർത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്ത്തപ്പെട്ടു. എന്നാൽ ഹൂപ്പറിന്റെ ക്ലിനിക്കിൽ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടൻ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു. 2015-16 സീസണിൽ വായ്പയിലൂടെ ഷെഫീൽഡിലേക്ക് മാറിയ ഹൂപ്പർ തുടർന്നുള്ള മൂന്നു വർഷം ടീമിനായി കഠിനാധ്വാനം ചെയ്തു. ഓസ്‌ട്രേലിയൻ ലീഗിലെ വെല്ലിംഗ്ടൺ ഫിയോണിക്‌സിനൊപ്പം കളിച്ച ഒരേയൊരു സീസണിൽ തന്നെ എട്ട് തവണയാണ് ഹൂപ്പർ സ്‌കോർ ചെയ്തത്. ഇത് ടീമിനെ ലീഗിൽ മൂന്നാം സ്ഥാനെത്തെത്തിച്ചു.

Read Also : ‘ഹലോ മിസ്റ്റർ പെരേര’; അർജന്റൈൻ മധ്യനിര താരം ബ്ലാസ്റ്റേഴ്സിൽ

കളത്തിൽ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ഗോളടി മികവിൽ ആരാധകർ ഉടനെ തന്നെ താരവുമായി ഇഷ്ടത്തിലാവും. അത്തരം കഴിവുള്ള ഒരു കളിക്കാരൻ ടീമിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന സീസണിൽ താരത്തോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

തന്റെ കളി ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണെന്നും അതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും ഗാരി ഹൂപ്പർ പറഞ്ഞു. തന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന് വേണ്ടി നിർണായ ഗോളുകൾ നേടാനും വെല്ലുവിളികൾ അതിജീവിക്കാനും ഐഎസ്എൽ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സഹതാരങ്ങളെ കണ്ടുമുട്ടാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കാനുമുള്ള ആകാംക്ഷയിലാണ് താൻ എന്നും ഗാരി ഹൂപ്പർ പറഞ്ഞു. ഗോവയിൽ പ്രീ സീസണിനായി താരം ഉടൻ ടീമിനൊപ്പം ചേരും.

Story Highlights Gary Hooper joined Kerala Blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top