ഓപ്പറേഷന്‍ പി ഹണ്ട്: കേരളാ പൊലീസിന് അഭിന്ദനവുമായി നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

kerala police

കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുകയും അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാനായി കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന് നൊബേല്‍ ജേതാവിന്റെ അഭിനന്ദനം. ബാലവേലയ്ക്കെതിരെ കാമ്പെയിനുകള്‍ സംഘടിപ്പിക്കുകയും പിന്നീട് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാവുകയും ചെയ്ത കൈലാഷ് സത്യാര്‍ത്ഥിയാണ് എഡിജിപി മനോജ് ഏബ്രഹാമിനേയും സൈബര്‍ ഡോമിനേയും അഭിനന്ദിച്ച് രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് സത്യാര്‍ത്ഥിയുടെ അഭിനന്ദനം.

കുട്ടികളെ ഇരയാക്കിയുള്ള ഓണ്‍ലൈന്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്. നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തി തുടരുകയെന്നും സത്യാര്‍ത്ഥി ട്വീറ്റ് ചെയ്തു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തിലെ 41 പേരാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയുണ്ടായതായി സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡോമും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന പൊലീസിന്റെ പ്രത്യേക വിഭാഗവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ടെന്ന പേരില്‍ രണ്ടാംഘട്ട റെയ്ഡ് നടത്തിയത്. 326 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ നിന്ന് 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്റര്‍നെറ്റ് ഉപയോഗം വീടുകളില്‍ വര്‍ധിച്ചത് മുതലെടുത്താണ് പ്രതികള്‍ കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കുന്നത്.

ടെലഗ്രാം, വാട്സപ് ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ള 400 ഓളം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ സൈബര്‍ ഡോമിന്റെയടക്കം നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ധരാണ്. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ അറസ്റ്റ്. പാലക്കാട് ഒന്‍പതു പേരും, എറണാകളും റൂറലില്‍ മാത്രം ആറു പേരുമാണ് പിടിയിലായത്. നേരത്തെ ഓപ്പറേഷന്‍ പി ഹണ്ടുമായി നടത്തിയ അന്വേഷണത്തില്‍ മലയാളികള്‍ അഡ്മിനുകളായുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളടക്കം കണ്ടെത്തിയിരുന്നു.

Story Highlights Nobel prize winner Kailash Satyarthi, Kerala Police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top