കൊവിഡ് പ്രതിരോധത്തിന് കുതിരകളിൽ നിന്ന് വികസിപ്പിച്ചെടുത്ത ആന്റിബോഡി ക്ലിനിക്കൽ ട്രയലിന്

കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വികസിപ്പിച്ചെടുത്ത ‘ആന്റിസെറ’യുടെ ക്ലിനിക്കൽ ട്രയലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. മൃഗങ്ങളിൽ സാർസ് കോവ് 2 കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുക്കുന്നത്.
ഐസിഎംആറും ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ബയോളജിക്കൽ ഇ ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച ‘ആന്റിസെറ’ കൊവിഡിനെതിരായ ആന്റിബോഡി ചികിത്സയാണ്. കുതിരകളിൽ സജീവമല്ലാത്ത കൊവിഡ് വൈറസ് കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുത്തത്. ആന്റിജെനുകൾക്കെതിരായി ഉയർന്ന ആന്റിബോഡികൾ ഉളള ബ്ലഡ് സെറമാണ് ആന്റിസെറ. പ്രത്യേക അണുബാധകൾക്കെതിരായി പോരാടുന്നതിന് വേണ്ടി ഇത് കുത്തിവെക്കുകയാണ് ചെയ്യുക. പഠനത്തിന്റെ ഭാഗമായി പത്തു കുതിരകളിലാണ് സാർസ് കോവ് 2 കുത്തിവെച്ചിരുന്നത്. തുടർന്ന് 21 ദിവസത്തിന് ശേഷം പ്ലാസ്മ സാമ്പിളുകൾ പരിശോധനയ്ക്കായി സ്വീകരിച്ചു. ഇതിലാണ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
പ്ലാസ്മാ തെറാപ്പിയുടെ അതേ രീതിയിലാണ് ആന്റിസെറയുടെയും പ്രവർത്തനം. സാർസ് കോവ് 2 കുത്തിവെച്ചതിന് ശേഷം വൈറൽ അണുബാധയിൽ നിന്ന് അതിജീവിച്ച, വൈറസിനെതിരെ ആന്റിബോഡികൾ ഉളളതായി കണ്ടെത്തിയ കുതിരകളിലായിരിക്കും ചികിത്സയ്ക്കായി ഉപയോഗിക്കുക.
Story Highlights – Clinical trial of antibodies developed from horses for covid resistance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here