വയോധികനെ മര്‍ദിച്ച എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷന്‍ എസ്‌ഐ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ ഷജീം മര്‍ദിച്ചത്.

അതേസമയം, വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തേക്ക് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍. ട്വന്റിഫോര്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടതിന് പിന്നാലെ എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പിന്നാലെ കൊല്ലം ജില്ലാ റൂറല്‍ എസ്പി ഹരിശങ്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്പി വിനോദിനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.
പ്രാഥമിക ശിക്ഷാ നടപടി എന്ന നിലയില്‍ എസ്‌ഐയെ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കുട്ടിക്കാനത്തേക്ക് തീവ്ര പരിശീലനത്തിനായി അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നശേഷം കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കൂടിയായ എഡിജിപി ആകും മറ്റ് ശിക്ഷാനടപടികള്‍ തീരുമാനിക്കുക.

Story Highlights Human Rights Commission has registered a case against SI for beating elderly man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top