മലയാളി മാധ്യമ പ്രവർത്തകന് എതിരെ യുഎപിഎ ചുമത്തി യുപി പൊലീസ്

ഹത്‌റാസിലേക്ക് പോകുന്നതിനിടെ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ്. കേസ് മതവിദ്വേഷം വളർത്തി എന്ന ആരോപണം ഉന്നയിച്ചാണ്. മാധ്യമ പ്രവർത്തകന്റെ കൈയിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തു എന്നും യുപി പൊലീസ്.
മുൻകരുതൽ അറസ്റ്റിൽ നിന്ന് രാജ്യദ്രോഹക്കുറ്റത്തിലേക്ക് മലയാളി മാധ്യമ പ്രവർത്തകൻ അറസ്റ്റിലായ കേസിന്റെ സ്വഭാവം മാറി. രണ്ടുദിവസത്തിനകം സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് വിട്ടയ്ക്കും എന്ന് സൂചനകൾക്കിടെയാണ് രാജ്യദ്രോഹ കുറ്റവും, മതവിദ്വേഷം വളർത്തൽ എന്ന കുറ്റവും ചുമത്തിയിരിക്കുന്നത്. യുഎപിഎ വകുപ്പ് 17 പ്രകാരം ഭീകരവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി എന്ന വകുപ്പും ചുമത്തി.
അറസ്റ്റിലായ നാല് പേർ നടത്തിയ വെബ്‌സൈറ്റ് വഴി കലാപാഹ്വാനം നടത്തിയെന്ന് പൊലീസ് പറയുന്നു. ഇവരുടെ പക്കൽ നിന്ന് മൊബൈലും, ലാപ്‌ടോപ്പും, ലഘുലേഖകളും പൊലീസ് പിടിച്ചെടുത്തു. അതേസമയം പൊലീസ് പുതിയ വകുപ്പുകൾ കൂടി സിദ്ദിഖിനെതിരെ ചുമത്തിയത് ജാമ്യത്തിനുള്ള സാധ്യതകൾ തടഞ്ഞേക്കും.
ഹത്‌റാസിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ രണ്ട് ദിവസം മുൻപാണ് മഥുരയിലെ ടോൾ ബൂത്തിൽ വച്ച് ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച റിട്ട് ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Story Highlights – siddhique kappan, uapa, hathras rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here