Advertisement

പൂരാന്റെ പോര് പാഴായി; സൺറൈസേഴ്സിന് കൂറ്റൻ ജയം

October 8, 2020
Google News 2 minutes Read
srh won kxip ipl

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ ജയം. 69 റൺസിനാണ് സൺറൈസേഴ്സ് പഞ്ചാബിനെ തറപറ്റിച്ചത്. 202 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 16.5 ഓവറിൽ 132 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. പഞ്ചാബിനു വേണ്ടി വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാൻ മാത്രമാണ് പൊരുതിയത്. പൂരാൻ 77 റൺസെടുത്തു. സൺറൈസേഴ്സിനായി റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : അവസാന അഞ്ചോവറിൽ കളി കൈവിട്ട് സൺറൈസേഴ്സ്; കിംഗ്സ് ഇലവന് 202 റൺസ് വിജയലക്ഷ്യം

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിംഗ്സ് ഇലവന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളെ നഷ്ടമായി. 9 റൺസെടുത്ത അഗർവാൾ റണ്ണൗട്ടാവുകയായിരുന്നു. യുവതാരം പ്രഭ്സിമ്രാൻ സിംഗ് ആണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. ചില മികച്ച ഷോട്ടുകൾ ഉതിർത്തെങ്കിലും സിമ്രാനെ (11) ഖലീൽ അഹ്മദിൻ്റെ പന്തിൽ പ്രിയം ഗാർഗ് ഉജ്ജ്വലമായി പിടികൂടി. ഉജ്ജ്വല ഫോമിൽ കളിക്കുന്ന ലോകേഷ് രാഹുൽ ആയിരുന്നു അടുത്ത ഇര. രാഹുൽ (11) അഭിഷേക് ശർമ്മയുടെ പന്തിൽ കെയിൻ വില്ല്യംസണിൻ്റെ കൈകളിൽ അവസാനിച്ചു.

ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും മറുപുറത്ത് പൂരാൻ വിസ്ഫോടനാത്മക ബാറ്റിംഗ് ആണ് കെട്ടഴിച്ചത്. യുവ ഓൾറൗണ്ടർ അബ്സുൽ സമദിൻ്റെ ഒരു ഓവറിൽ നാല് സിക്സറും ഒരു ബൗണ്ടറിയും അടക്കം 28 റൺസാണ് വിൻഡീസ് താരം അടിച്ചുകൂട്ടിയത്. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വെൽ (7) പൂരാനു പിന്തുണ നൽകാൻ ശ്രമിച്ചെങ്കിലും പ്രിയം ഗാർഗിൻ്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. മൻദീപ് സിംഗ് (6) റാഷിദ് ഖാൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. മുജീബ് റഹ്മാൻ (1) ഖലീൽ അഹ്മദിൻ്റെ പന്തിൽ ബെയർസ്റ്റോയുടെ കൈകളിൽ അവസാനിച്ചു. ടീമിനെ അത്രയും സമയം ചുമലിലേറ്റിയ പൂരാനാണ് പിന്നീട് മടങ്ങിയത്. റാഷിദ് ഖാൻ്റെ പന്തിൽ നടരാജൻ്റെ കൈകളിലാണ് താരം അവസാനിച്ചത്. പുറത്താവുമ്പോൾ 37 പന്തുകൾ നേരിട്ട താരം 5 ബൗണ്ടറിയും ഏഴ് സിക്സറുകളും അടക്കം 77 റൺസെടുത്തിരുന്നു.

Read Also : ഗെയിൽ ഇറങ്ങാത്തത് ഭക്ഷ്യവിഷബാധ കാരണമെന്ന് കുംബ്ലെ

ആ ഓവറിൽ തന്നെ ഷമിയും (0) മടങ്ങി. വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ഷമി പുറത്തായത്. ഷെൽഡൻ കോട്രൽ (0), അർഷ്ദീപ് സിംഗ് (0) എന്നിവർ നടരാജൻ്റെ ഇരകളായി. കോട്രൽ ക്ലീൻ ബൗൾഡായപ്പോൾ അർഷ്ദീപിനെ വാർണർ പിടികൂടി. രവി ബിഷ്ണോയ് (6) പുറത്താവാതെ നിന്നു.

Story Highlights sunrisers hyderabad won against kings xi punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here