അവസാന അഞ്ചോവറിൽ കളി കൈവിട്ട് സൺറൈസേഴ്സ്; കിംഗ്സ് ഇലവന് 202 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 202 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് റൺസ് എടുത്തത്. 97 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ഡേവിഡ് വാർണർ 52 റൺസെടുത്തു. 15 ഓവർ വരെ ഒരു വിക്കറ്റ് പോലും നഷ്ടമാവാതിരുന്ന സൺറൈസേഴ്സ് അവസാന അഞ്ച് ഓവറുകളിലാണ് കളി കൈവിട്ടത്. പഞ്ചാബിനായി യുവ സ്പിന്നർ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 22: സൺറൈസേഴ്സ് ബാറ്റ് ചെയ്യും
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിനായി ഓപ്പണർമാരായ ഡേവിഡ് വാർണറും ഡേവിഡ് ബെയർസ്റ്റോയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഇരുവരും ആക്രമിച്ചു കളിക്കാൻ മത്സരിച്ചതോടെ സ്കോർബോർഡിലേക്ക് റൺ ഒഴുകി. ബെയർസ്റ്റോ കൂടുതൽ അപകടകാരിയായതോടെ വാർണർ സെക്കൻഡ് ഫിഡിലിലേക്ക് മാറി. പേസർമാരെയും സ്പിന്നർമാരെയും മാറി മാറി പരീക്ഷിച്ചിട്ടും കെ എൽ രാഹുലിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 28 പന്തുകളിൽ ബെയർസ്റ്റോയും 37 പന്തുകളിൽ വാർണറും ഫിഫ്റ്റി തികച്ചു. 16ആമത്തെ ഓവറിൽ രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ പന്തിൽ തന്നെ 40 പന്തുകളിൽ 52 റൺസടിച്ച വാർണറെ യുവതാരം മാക്സ്‌വെലിൻ്റെ കൈകളിൽ എത്തിച്ചു. 160 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് വാർണർ മടങ്ങിയത്. ആ ഓവറിൽ തന്നെ ബിഷ്ണോയ് ബെയർസ്റ്റോയെയും മടക്കി. വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ ഇംഗ്ലീഷ് ഓപ്പണർ 55 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയും ആറ് സിക്സറുകളും സഹിതം 97 റൺസ് എടുത്തിരുന്നു.
Read Also : ഐപിഎൽ മാച്ച് 22: ജയം തേടി സൺറൈസേഴ്സും കിംഗ്സ് ഇലവനും; ഗെയിൽ കളിച്ചേക്കും
ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായതിനു പിന്നാലെ സൺറൈസേഴ്സിന് വേഗത്തിൽ മറ്റ് വിക്കറ്റുകളും നഷ്ടമായി. മനീഷ് പാണ്ഡെയെ (1) അർഷ്ദീപ് സിംഗ് സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കി. അബ്ദുൽ സമദിനെ (8) അർഷ്ദീപ് സിംഗിൻ്റെ കൈകളിൽ എത്തിച്ച ബിഷ്ണോയ് മത്സരത്തിലെ തൻ്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നാലെ പ്രിയം ഗാർഗ് (0) അർഷ്ദീപ് സിംഗിൻ്റെ പന്തിൽ നിക്കോളാസ് പൂരാൻ്റെ കൈകളിൽ അവസാനിച്ചു. അവസാന രണ്ട് ഓവറുകളിൽ കെയിൻ വില്ല്യംസണും അഭിഷേക് ശർമ്മയും പായിച്ച ചില കൂറ്റൻ ഷോട്ടുകളാണ് സൺറൈസേഴ്സിനെ 200 കടത്തിയത്. അഭിഷേകിനെ (12) അവസാന ഓവറിൽ ഷമി മാക്സ്‌വെലിൻ്റെ കൈകളിൽ എത്തിച്ചു. വില്ല്യംസൺ (20) പുറത്താവാതെ നിന്നു.
Story Highlights – sunrisers hyderabad kings vs xi punjab first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here