സ്വർണക്കടത്ത് കേസ്; പ്രധാന പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് എൻഐഎ
സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. 90 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നാണ് ആവശ്യം. യുഎപിഎ പ്രകാരം 180 ദിവസം വരെ പ്രതികളെ റിമാൻഡ് ചെയ്യാമെന്ന നിയമസാധുത ഉപയോഗിച്ചാണ് എൻഐഎ നീക്കം.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒന്ന്, രണ്ട്, നാല്, പത്ത്, പതിനൊന്ന്, പതിനാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാണ് എൻഐഎ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. അന്വേഷണം പൂർത്തീകരിക്കുവാൻ കൂടുതൽ സമയം അനിവാര്യമാണ്. യുഎപിഎ പ്രകാരം 180 ദിവസം വരെ പ്രതികളെ റിമാൻഡ് ചെയ്യാമെന്ന നിയമസാധുത ഉപയോഗിച്ചാണ് എൻഐഎ നീക്കം. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും. സ്വർണക്കടത്തിലൂടെ പ്രതികൾ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിനാൽ യുഎപിഎ നിയമം നിലനിൽക്കും. യുഎപിഎ ചുമത്തിയ കേസിൽ അന്വേഷണ കാലയളവിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എൻഐഎ ആവശ്യപ്പെടുന്നു.
അതേസമയം, കൈവെട്ട് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മുഹമ്മദ് അലി അടക്കം 5 പേരെ കൂടി വീണ്ടും ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു അപേക്ഷയും എൻഐഎ കോടതിയിൽ നൽകിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് എൻഐഎയുടെ പുതിയ നീക്കം.
Story Highlights – NIA, Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here