മലപ്പുറത്ത് വനപാലകർ വിരിച്ച വലയിൽ നിന്ന് ഓടി രക്ഷപ്പെട്ട് കരടി

വനപാലകർ വിരിച്ച വലയിൽ നിന്ന് ഓടി രക്ഷപ്പെട്ട് കരടി. മലപ്പുറം എടക്കരയിലെ നെല്ലിക്കുത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയാണ് വനപാലകർ വിരിച്ച വലയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷം വനപാലകരുടെ കൺമുന്നിലൂടെ കാട്ടിലേക്ക് രക്ഷപ്പെട്ടത്. രണ്ടു മാസത്തോളമായി കരടി റബ്ബർതോട്ടങ്ങളിലെ തേൻകൂട് തകർത്ത് തേൻകുടിക്കാൻ തുടങ്ങിയിട്ട്.

ഏറെ പരിശ്രമത്തിന് ഒടുവിലാണ് കരടിയെ വനപാലകർ വിരിച്ച വലയിലാക്കിയത്. എന്നാൽ, പരിശ്രമങ്ങൾ എല്ലാം വെറുതെയായി. കരടി ഒടുവിൽ കാട്ടിൽ തന്നെ തിരിച്ച് എത്തി. കഴിഞ്ഞ ദിവസം രാത്രി ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് കരടിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്നത്. രാത്രി ഒരുമണിയോടെ കരടികിടന്ന ഭാഗത്തെ വെളിച്ചം അണയ്ക്കുകയും ചെയ്തു. വനംജീവനക്കാരും പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇടയ്ക്കിടെ കരടി വലയിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പുലർച്ചെ ചെന്നുനോക്കിയപ്പോഴാണ് കരടി രക്ഷപ്പെട്ട വിവരം കാവൽനിന്നവർ അറിയുന്നത്. വലയ്ക്ക് കേടൊന്നും പറ്റിയിരുന്നില്ല. കിടന്നിരുന്ന ഭാഗത്തെ മരത്തിലൂടെ കയറിയായിരിക്കും കരടി രക്ഷപ്പെട്ടതെന്നാണ് നിഗമനം. വനപാലകരും പൊലീസുകാരും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്ന വഴിക്കാണ് നെല്ലിക്കുത്ത് കാരപ്പുറം പാതയിൽ കൽക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപം കരടി റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറുന്നത് വനപാലകർ കണ്ടത്. രണ്ടു മാസത്തോളമായി കരടി മൂത്തേടം പഞ്ചായത്തിലെ കൽക്കുളം, നെല്ലിക്കുത്ത് ഭാഗങ്ങളിലിറങ്ങി റബ്ബർതോട്ടങ്ങളിലെ തേൻകൂട് തകർത്ത് തേൻകുടിക്കാൻ തുടങ്ങിയിട്ട്.

Story Highlights The bear escaped from the net spread by the forest rangers in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top