കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന; തിരുവനന്തപുരത്ത് മൊബെെല്‍ ക്ലിനിക്ക് ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നൽകി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിനായി തിരുവനന്തപുരം ജില്ലയിൽ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കും മറ്റുള്ള ജില്ലകളിൽ സർക്കാർ/ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് മെഡിക്കൽ ചെക്ക്അപ്പും നടത്തുന്നതിന് വേണ്ടി 29 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി.
കെഎസ്ആർടിസിയിൽ കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ 14 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 388 ജീവനക്കാർ വിവിധ രോഗങ്ങളാൽ മരണപ്പെടുകയും ചെയ്തിരുന്നു.
174 പേരാണ് ആശ്രിത നിയമനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഒരാഴ്ചയിൽ ശരാശരി ഒരു ജീവനക്കാരൻ എന്ന നിലയിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർധിക്കാനുള്ള കാരണം.
Read Also : ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പുകൾ നടത്താനുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഡ്രൈവർമാർക്ക് ഹീറ്റ് സ്‌ട്രെസ്റ്റ് വളരെ കൂടുതൽ ആണ്. ബസുകളിൽ എയർ സർക്കുലേഷൻ കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും എയർ സർക്കുലേഷൻ കൂടാൻ വശങ്ങളിൽ കിളിവാതിലുകൾ നിർമിച്ച് വരുകയും വെള്ളം കുടിക്കാനായി ഡ്രൈവർ സീറ്റിന് സമീപം ഒരു കുപ്പി വെള്ളം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഒരുക്കിയതായി മന്ത്രി.
തിരുവനന്തപുരത്താണ് കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും പാപ്പനംകോട്ടെ സെൻട്രൽ വർക്ക്‌ഷോപ്പും കൂട്ടി 25 യൂണിറ്റ് ഉള്ള ഇവിടെ 7000ത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കൽ ചെക്കപ്പിന് വേണ്ടി മൊബൈൽ ഹെൽത്ത് ക്ലിനിക്ക് ആരംഭിക്കും. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടർ, നേഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി ജീവനക്കാരെ പരിശോധിക്കും.
എന്നാൽ ഡിപ്പോകളുടെ എണ്ണം കുറഞ്ഞ ബാക്കി ജില്ലകളിൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലോ സർക്കാർ ആശുപത്രി ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് പരിശോധന നടത്താനുള്ള സജ്ജീകരണം ഒരുക്കാൻ ഓരോ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകി.
Story Highlights – ksrtc, ak sasindran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here