ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവം: സ്പീക്കര്‍ പരാതി നല്കി

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പരാതി നല്കി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. ഇന്നാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായത്. പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കര്‍ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന് കമന്റും വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിഞ്ഞത്. അക്കൗണ്ട് ഹാക്ക് ചെയ്തതിനെ കുറിച്ച് സ്പീക്കര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
പൊന്നാനിയില്‍ നിര്‍മാണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമന്റില്‍ നിരവധി റിയാക്ഷനുകളും മറുപടി കമന്റുകളും വരികയും, സ്ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Story Highlights – speaker p sreeramakrishnan facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here