പൊതു ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണം: മുഖ്യമന്ത്രി

പൊതു ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ നമ്മള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാന്‍ കൈകഴുകൂ എന്നായിരുന്നു. ഇത് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെ സര്‍വീസ് സംഘടനകളും യുവജന സംഘടനകളും ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട് ലോക്ക് ഡൗണിലേക്ക് പോയി. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും കാമ്പയിന്‍ ചെയ്തു. എന്നാല്‍ എവിടെയോ വച്ചു നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി.

അന്ന് കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും ഉപയോഗശൂന്യമായി കിടക്കുകയാണ്. കൈ ശുചിയാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് 25 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നാണ് ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ് ഡേയുടെ സന്ദേശത്തില്‍ പറയുന്നത്. വയറിളക്ക സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം 50 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നും ലോക സ്റ്റാറ്റിറ്റിക്‌സ് പറയുന്നു.

ഈ വര്‍ഷം മെയ് – ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു പ്രധാന അസുഖങ്ങളും കുറഞ്ഞതായി കണ്ടു. അതിനു പ്രധാനപ്പെട്ട ഒരു കാരണം ഈ ജാഗ്രതയാണ്. അത്‌കൊണ്ട് തന്നെ ജാഗ്രത വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് ഈ സമയത്ത് ഉണ്ടാകേണ്ടത്. കൈ കഴുകാനുള്ള സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ഒരുക്കാന്‍ മുന്നോട്ട് വരണം. വീടുകളില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാവരും ഇങ്ങനെ കൈ കഴുകുമ്പോള്‍ രോഗ വ്യാപനത്തിന്റെ കണ്ണികളെ പൊട്ടിക്കാന്‍ സാധിക്കും. കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രം പോര അത് പരിപാലിക്കാനുള്ള ശ്രദ്ധയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights hand washing facilities in public places

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top