ഹത്‌റാസ്; അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം നടത്തേണ്ടതെന്ന് സൂചിപ്പിച്ച് സുപ്രിംകോടതി

ഹത്‌റാസ് കേസില്‍ അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം നടത്തേണ്ടതെന്ന് സൂചിപ്പിച്ച് സുപ്രിംകോടതി. മേല്‍നോട്ടം വഹിക്കാനുള്ള പരമോന്നത അധികാര കേന്ദ്രമായി തങ്ങള്‍ ഇവിടെ തന്നെയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. കോടതി മേല്‍നോട്ടത്തില്‍ സിബിഐയുടെയോ പ്രത്യേക സംഘത്തിന്റെയോ അന്വേഷണം വേണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ മാറ്റി.
ഹത്‌റാസ് സംഭവവുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജികള്‍ അലഹബാദ് ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. ഏത് കോടതി സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നത് സുപ്രിംകോടതിക്ക് തീരുമാനിക്കാം. കേസില്‍ നീതി നടപ്പായി കാണുക എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. വിചാരണ യു.പിയില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റണമെന്ന് പെണ്‍ക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ നേരിട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറരുത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെണ്‍ക്കുട്ടിയുടെ കുടുംബം അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. കൂടുതല്‍ കക്ഷികളുടെ വാദം കേള്‍ക്കാന്‍ കോടതി തയാറായില്ല. ലോകത്തിന്റെ മുഴുവന്‍ സഹായം ആവശ്യമില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍, കുടുംബം, പ്രതികള്‍ എന്നിവരുടെ വാദം കേട്ടത് പര്യാപ്തമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
Story Highlights – Hathras; Allahabad High Court should oversee the process: Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here