പൂക്കളേയും ശബ്ദത്തെയും ഉപാസിച്ച ചെന്നിലോട് ഇനിയില്ല; രവീന്ദ്രൻ ചെന്നിലോടിന്റെ ഓർമയിൽ പറക്കോട് ഉണ്ണികൃഷ്ണൻ


പറക്കോട് ഉണ്ണികൃഷ്ണൻ
പൂക്കളേയും ശബ്ദത്തെയും ഉപാസിച്ച ചെന്നിലോട് ഇനിയില്ല. പ്രമുഖ പ്രക്ഷേപകനും കവിയും മനുഷ്യസ്‌നേഹിയുമായ രവീന്ദ്രൻ ചെന്നിലോട് ഇന്ന് രാവിലെ നമ്മെ വിട്ടു പിരിഞ്ഞു. മൂന്നു ദശാബ്ദത്തിലധികം മലയാള പ്രക്ഷേപണത്തിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ചെന്നിലോട് എന്ന സ്ഥലപ്പേരിൽ ലോകമറിഞ്ഞ എൻ. രവീന്ദ്രൻ. ശബ്ദത്തിലൂടെ വിസമയം തീർക്കുന്നതിൽ അനിതരസാധാരണമായ കൃത്യതയും സൂക്ഷ്മതയുമുള്ള പ്രക്ഷേപകനായിരുന്നു.
കേരളത്തിലെ ക്യാമ്പസുകളിൽ ലഹരിയായി പടർന്നുനിന്ന യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെ നാൾ. ഇന്ന് മലയാള സിനിമയിലും സാഹിത്യത്തിലും നിറഞ്ഞു നിൽക്കുന്ന പല പ്രമുഖരും പയറ്റിതെളിഞ്ഞത് ചെന്നിലോട് യുവവാണി കൈകാര്യം ചെയ്തിരുന്ന കാലത്തായിരുന്നു. പല പ്രതിഭകളെയും കണ്ടെത്തി ശബ്ദ ലോകത്തിന് പരിയയപ്പെടുത്തിയത് ചെന്നിലോടാണ്. ലാളിത്യം തുടിക്കുന്ന നിരവധി ആകാശവാണി ലളിതഗാനങ്ങളുടെ ഈരടി ചെന്നിലോടിന്റേതാണ്.
നാടകം ഡോക്യുമെന്ററി വയലും വീടും ലളിതഗാനം നാടൻ പാട്ടുകൾ സിനിമ എന്നു വേണ്ട റേഡിയോയിലെ ഏതാണ്ടെല്ലാ പരിപാടികളും ചെന്നിലോട് കൈകാര്യം ചെയ്തിട്ടുണ്ട്. പൂക്കൾക്ക് മേൽവിലാസമുണ്ടാക്കിക്കൊടുത്ത ചെന്നിലോട് ഓർക്കിഡിന്റെ അതോറിറ്റി ആയിരുന്നു. ഓർക്കിഡ് കൃഷി കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാടുകളും മലകളും കയറിയിറങ്ങി അപൂർവ്വങ്ങളായ ഇനങ്ങളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. കവി ഗാനരചയിതാവ് യാത്രികൻ എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രവീന്ദ്രൻ ചെന്നിലോട് എനിക്ക് ഗുരുസ്ഥാനീയനായിരുന്നു. പ്രണാമം.
Story Highlights – parakod unnikrishnan on raveendran chennilod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here