Advertisement

കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

October 15, 2020
Google News 1 minute Read

തുലമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണങ്ങളോടെയാകും ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ദര്‍ശനം സുഗമമായി നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തിന് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്.
  • ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കണം.
  • മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം.
  • 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്.
  • വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തുമ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
  • ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.
  • സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം.
  • ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിന് എത്താവൂ.
  • വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
  • മലകയറുമ്പോഴും ദര്‍ശന സമയത്തും പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളിലേക്കുള്ള പരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിയമനം ഇന്നു പൂര്‍ത്തീകരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights sabarimala covid protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here