Advertisement

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

October 16, 2020
Google News 1 minute Read

തൃശൂര്‍ പുതുശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ ഏഴാം പ്രതി ഇയ്യാല്‍ ചുങ്കം സ്വദേശി ഷമീര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഒക്ടോബര്‍ നാല് ഞായറാഴ്ച രാത്രി പത്തരയോടെയാണ് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ചിറ്റിലങ്ങാട് വച്ച് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പോയതായിരുന്നു സനൂപ്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പെട്ടന്ന് തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. കൊലപാതകം നടന്ന് രണ്ടാം ദിനംതന്നെ മുഖ്യപ്രതി നന്ദനെ കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. ചിറ്റിലങ്ങാട് സ്വദേശികളായ സുജയ് കുമാറും സുനീഷും തൊട്ടടുത്ത ദിവസങ്ങളില്‍ തൃശൂര്‍ തണ്ടിലത്ത് വെച്ചും പിടിയിലായി.

കൊലപാതകം നടന്ന് അഞ്ചാം ദിനമാണ് അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ തൃശൂര്‍ പഴുന്നാന ചമ്മം തിട്ടയില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു ഇവര്‍. കേസിലെ ഏഴാം പ്രതി ഇയ്യാല്‍ ചുങ്കം സ്വദേശി ഷമീറാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായി. നന്ദനാണ് സനൂപിനെ കുത്തി വീഴ്ത്തിയത്. സുജയ് കുമാര്‍ സനൂപിന്റെ തലയ്ക്ക് പിറകില്‍ അടിച്ചു.

സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് സനൂപിന്റെ സംഘത്തിലെ മറ്റുള്ളവരെ ആക്രമിച്ചതായും മൊഴി നല്‍കിയിരുന്നു. ഇന്ന് അറസ്റ്റിലായ ഷമീര്‍ ഒഴികെ ഉള്ള ആറു പേരും റിമാന്റിലാണ്. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

Story Highlights CPIM branch secretary murder case arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here