റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലൊടുവിലാണ് ഇത് സംബന്ധിച്ച നിഗമനത്തിൽ എത്തിയത്.
കൊവിഡ് ചികിത്സയ്ക്ക് ആദ്യം ഉപയോഗിച്ച മരുന്നായിരുന്നു റെംഡിസിവിയർ. ഹൈഡ്രോക്‌സിക്ലോറോക്വിൻ, റെംഡിസിവിയർ, ലോപിനാവിർ/റിട്ടോണാവിർ, ഇന്റർഫെറോൺ എന്നീ നാല് മരുന്നുകൾ 30 രാജ്യങ്ങളിലായി 11,266 പേരിലാണ് പരീക്ഷണം നടത്തിയത്. ഈ മരുന്നുകളൊന്നും കൊവിഡ് രോഗത്തിന് പ്രതിവിധിയല്ലെന്നാണ് കണ്ടെത്തൽ.
കൊവിഡിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈഡ്രോക്‌സിക്ലോറോക്വിൻ, ലോപിനാവിർ/റിട്ടോണാവിർ എന്നിവയുടെ പരീക്ഷണം ജൂണോടെ നിർത്തിയിരുന്നുവെങ്കിലും മറ്റ് മരുന്നുകളുടെ പരീക്ഷണം അഞ്ഞൂറോളം ആശുപത്രികളിൽ തുടർന്നിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. അടുത്ത നടപടിയെന്ത് എന്ന ചോദ്യമാണ് ഇപ്പോഴുള്ളതെന്നും കഴിഞ്ഞ മാസങ്ങൾക്കിടെ വികസിപ്പിച്ച പുതിയ ആന്റി-വൈറൽ മരുന്നുകളിലാണ് നിലവിൽ പരീക്ഷണം നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേർത്തു.
നേരത്തെ റെംഡിസിവിയർ മരുന്ന് കൊവിഡ് രോഗമുക്തി നിരക്ക് അഞ്ചിരട്ടി വേഗത്തിലാക്കാൻ സഹായിക്കുമെന്ന് യുഎസ് പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിലവിലെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
Story Highlights – Remdesivir Didn’t Cut Hospital Stay says WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here