ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ഇതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗശിക് വര്‍മ്മയും ഋഷികേശ് വര്‍മ്മയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് തെരഞ്ഞെടുപ്പ്.

Read Also : ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍; പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് നാളെ രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. കുട്ടികള്‍ക്കൊപ്പം കൊട്ടാരം നിര്‍വാഹക സംഘ സമിതി അംഗം കേരള വര്‍മ്മ, അനൂപ് വര്‍മ്മ എന്നിവരും ശബരിമലയിലേക്ക് തിരിച്ചു. ശബരിമല മേല്‍ശാന്തിയെ കൗശിക് വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് വര്‍മയും നറുക്കെടുക്കും.

ഇന്ന് രാവിലെ കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്ക് മുന്‍പില്‍ കൈപ്പുഴ ശിവക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ പോറ്റി കുട്ടികളുടെ കെട്ടുനിറച്ചു. കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയാണ് സംഘം യാത്ര തിരിച്ചത്. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ രേവതിനാള്‍ പി രാമവര്‍മരാജയും കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളും ചേര്‍ന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്.

Story Highlights sabarimala, thulam masa rituals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top