വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന്റെ പേരിൽ വെള്ളാപ്പള്ളി സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഈ വിഷയത്തിൽ വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു.

ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി നിയമനത്തിൽ സർക്കാരുമായി ഇടഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ ഒപ്പം നിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വെള്ളപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പികെ കൃഷ്ണദാസിന്റെ പ്രതികരണം.

അതേസമയം, ശ്രീനാരായണ ഓപ്പൺ സർവകലാശാല വി.സി നിയമന വിഷയത്തിൽ വെള്ളാപ്പള്ളി സർക്കാരിനെ വിമർശിച്ചപ്പോൾ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് ലീഗും ഇടത് പക്ഷവും തമ്മിൽ മുഹബ്ബത്തിലായത് കൊണ്ടാണെന്ന് കൃഷ്ണ ദാസ് വിമർശിച്ചു.

എന്നാൽ, ചർച്ചയെക്കുറിച്ച് പ്രതികരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയാറായില്ല. തുഷാർ വെള്ളാപ്പള്ളി എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ പിണറായിക്കും ഇടതുപക്ഷത്തോടൊപ്പം നിലപാടെടുത്തു നിൽക്കുന്നത് ബിജെപിയെ സമ്മർദത്തിലാക്കിയിരുന്നു.

Story Highlights BJP National Executive Committee member PK Krishnadas met Vellapally Nadesan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top