അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു; മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

തേക്കടിയില്‍ അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. സിസിടിവി മുതല്‍ റിസോര്‍ട്ടിലെ ജനാലകളും, കട്ടളകളും പ്രതികള്‍ പൊളിച്ച് വിറ്റു. കേസില്‍ ഇനിയും രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
കൊവിഡ് കാലം മറയാക്കി തേക്കടിയിലെ സാജ് ജംഗിള്‍ വില്ലേജ് റിസോര്‍ട്ടിലാണ് മോഷണ പരമ്പര അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശികളുടേതാണ് റിസോര്‍ട്ട്. ലോക്ക്ഡൗണില്‍ റിസോര്‍ട്ട് അടഞ്ഞ് കിടന്നസമയത്താണ് മോഷണം നടന്നത്. 52 മുറികള്‍ ഉള്ള റിസോര്‍ട്ടിലെ വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍, ജനലുകള്‍ അങ്ങനെ എല്ലാ സാധനങ്ങളും റിസോര്‍ട്ട് മാനേജറുടെ നേതൃത്വത്തില്‍ മോഷ്ടിച്ചു കടത്തി.
സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വിറ്റഴിച്ചതായാണ് സൂചന. മുറ്റത്തുണ്ടായിരുന്ന രണ്ട് മരങ്ങളും മുറിച്ചുവിറ്റു. റിസോര്‍ട്ട് മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതി രാജ്, പ്രഭാകരപിള്ള എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികള്‍ക്കായി കുമളി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്‍പന നടത്തിയ മോഷണ മുതലുകളില്‍ ചിലത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Story Highlights – Goods stolen from resort; Three people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here