Advertisement

‘പോളി’ ഫിനിഷ്; കിംഗ്സ് ഇലവന് 177 റൺസ് വിജയലക്ഷ്യം

October 18, 2020
Google News 2 minutes Read
mi kxip ipl innings

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് റൺസ് വിജയലക്ഷ്യം. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ മുംബൈയെ ക്വിൻ്റൺ ഡികോക്ക്, കീറോൺ പൊള്ളാർഡ്, നതാൻ കോൾട്ടർനൈൽ എന്നിവരുടെ ഇന്നിംഗ്സുകളാണ് തുണച്ചത്. ഡികോക്ക് 54 റൺസ് നേടി ടോപ്പ് സ്കോററായി. പൊള്ളാർഡ് 34 റൺസ് നേടി പുറത്താവാതെ നിന്നു. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം തെറ്റാണെന്ന് വേഗം തെളിഞ്ഞു. മൂന്നാം ഓവർ മുതൽ വിക്കറ്റുകളുടെ ഘോഷയാത്രയാണ് കണ്ടത്. സ്കോർബോർഡിൽ 23 റൺസ് മാത്രം ഉണ്ടായിരുന്നപ്പോൾ രോഹിത് ശർമ്മ (9) പവലിയനിലേക്ക് മടങ്ങി. രോഹിത് അർഷ്ദീപ് സിംഗിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നാലാം ഓവറിൽ ഫോമിലുള്ള സൂര്യകുമാർ യാദവ് (0) ഷമിയുടെ പന്തിൽ മുരുഗൻ അശ്വിൻ്റെ കൈകളിൽ അവസാനിച്ചു. ആറാം ഓവറിൽ അർഷ്ദീപ് വീണ്ടും വിക്കറ്റ് വീഴ്ത്തി. ഇത്തവണ ഇഷൻ കിഷനാണ് (7) പുറത്തായത്. കിഷനെ മുരുഗൻ അശ്വിൻ പിടികൂടുകയായിരുന്നു. നാലാം വിക്കറ്റിലാണ് മുംബൈ മത്സരത്തിലേക്ക് തിരികെ എത്തിയത്.

നാലാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യ ക്വിൻ്റൺ ഡികോക്കിനൊപ്പം ചേർന്നതോടെ മുംബൈ ഇന്നിംഗ്സിനു ജീവൻ വെക്കാൻ തുടങ്ങി. ഇടക്കിടെ ബൗണ്ടറി കണ്ടെത്തിയ ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. 58 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ കൃണാൽ മടങ്ങി. 34 റൺസെടുത്ത കൃണാലിനെ രവി ബിഷ്ണോയുടെ പന്തിൽ ദീപക് ഹൂഡ കൈപ്പിടിയിലൊതുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഹർദ്ദിക് പാണ്ഡ്യയും (8) മടങ്ങി. പാണ്ഡ്യയെ ഷമിയുടെ പന്തിൽ നിക്കോളാസ് പൂരാൻ കൈപ്പിടിയിലൊതുക്കി. ഇതിനിടെ 39 പന്തുകളിൽ സീസണിലെ തുടർച്ചയായ നാലാം ഫിഫ്റ്റി തികച്ച ഡികോക്കും മടങ്ങി. എന്നാൽ ഫിഫ്റ്റി അടിച്ചതിനു പിന്നാലെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് ഡികോക്ക് പുറത്തായി. 53 റൺസെടുത്ത താരത്തെ ക്രിസ് ജോർഡൻ മായങ്ക് അഗർവാളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

ഏഴാം വിക്കറ്റിൽ പൊള്ളാർഡ്-കോൾട്ടർനൈൽ സഖ്യത്തിൻ്റെ കൂറ്റൻ ഷോട്ടുകളാണ് മുംബൈയെ മികച്ച സ്കോറിൽ എത്തിച്ചത്. പൊള്ളാർഡ് (12 പന്തിൽ 34), കോൾട്ടർനൈൽ (12പന്തിൽ 24) എന്നിവർ പുറത്താവാതെ നിന്നു. അവസാന 3 ഓവറിൽ 54 റൺസ് അടിച്ചുകൂട്ടിയ ഇരുവരും ഏഴാം വിക്കറ്റിൽ അപരാജിതമായ 57 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി.

Story Highlights mumbai indians vs kings xi punjab first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here