എറണാകുളം ജില്ലയില്‍ ഇനി തടസമില്ലാതെ പ്രകൃതി വാതകം; സിറ്റി ഗ്യാസ്

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും നടപ്പാക്കാന്‍ തീരുമാനം. നിലവില്‍ കരിങ്ങാച്ചിറ-കുണ്ടന്നൂര്‍-ഇടപ്പള്ളി-ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈന്‍ ലഭ്യമാണ്. തുടര്‍ന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആറ് മുനിസിപ്പാലിറ്റികളിലും ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2500 വീടുകളില്‍ നിലവില്‍ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1500 വീടുകളില്‍ പ്ലംബിങ് ജോലികള്‍ പൂര്‍ത്തിയായി. ഒന്‍പത് സി.എന്‍.ജി സ്റ്റേഷനുകള്‍ക്കു പുറമെ വെല്ലിങ്ങ്ടണ്‍ ഐലന്‍ഡ്, കാലടി, പെരുമ്പാവൂര്‍, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നല്‍കാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാള്‍ 30 ശതമാനം വിലക്കുറവുണ്ടാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു പുറമെ സി.എന്‍.ജി വാഹനങ്ങള്‍, വാണിജ്യ ഉപഭോക്താക്കള്‍, വ്യാവസായിക ഉപഭോക്താക്കള്‍ എന്നിവര്‍ക്കും ലഭ്യമാണ്.
സി.എന്‍.ജി വാഹനങ്ങളില്‍ വാതകം ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാകും. വാതകത്തിന്റെ സാന്ദ്രത മറ്റ് പാചക വാതകത്തേക്കാള്‍ കുറവായതിനാല്‍ കൂടുതല്‍ സുരക്ഷിതവുമാണ്. ഉപയോഗത്തിന് അനുസൃതമായി മീറ്റര്‍ റീഡിങ് പ്രകാരമാണ് ഗ്യാസിന്റെ ബില്ലുകള്‍ അടയ്‌ക്കേണ്ടത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് (മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്. സി.എന്‍.ജി ഉപഭോക്താക്കള്‍ക്ക് കിലോഗ്രാമിന് 57.30 രൂപയാണ് വില. നാലു പേരടങ്ങുന്ന ഒരു കുടുംബത്തില്‍ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് വരിക.
പുതുവൈപ്പിനിലെ പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നാണ് പ്രകൃതി വാതകം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വഴി കളമശേരിയിലെ വാല്‍വ് സ്റ്റേഷനില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ് ലൈനില്‍ പ്രകൃതി വാതകം നല്‍കുന്നത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് തുടര്‍ന്ന് സ്റ്റീല്‍ അല്ലെങ്കില്‍ എം.ഡി.പി.ഇ പൈപ്പ് ലൈന്‍ മുഖേന ഉപഭോക്തക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡില്‍ നിന്നും കിട്ടിയ ലൈസന്‍സ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ. കേരളത്തില്‍ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രകൃതി വാതകം നല്‍കുന്നതിനായി എറണാകുളം ജില്ലക്ക് പി.എന്‍.ജി ആര്‍.ബി യുടെ നാലാമത് ബിഡിങ് റൗണ്ടിലാണ് അനുമതി ലഭിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകള്‍ ഒന്‍പതാമത് ബിഡിങ് റൗണ്ടില്‍ അനുമതി ലഭിച്ചവയാണ്.
Story Highlights – uninterrupted CNG in Ernakulam; City Gas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here