കോഴിക്കോട് കൊവിഡ് ബാധിതരായവരില്‍ 87 ശതമാനം പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid kozhikode

കോഴിക്കോട് കൊവിഡ് ബാധിതരായവരില്‍ 87 ശതമാനം പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് ജില്ല കൊവിഡ് കണ്‍ട്രോള്‍ സെല്‍ അറിയിച്ചു. ആറ് ശതമാനം ആളുകളുടെ ഉറവിടം വ്യക്തമല്ല. സര്‍ക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നിരന്തരം നല്‍കുന്ന നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്നവര്‍ രോഗബാധിതരുടെ എണ്ണത്തിലേക്ക് വലിയ ‘സംഭാവന’യാണ് നല്‍കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. 13.5 ശതമാനമുണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരാഴ്ചക്കിടെ 17.6 ശതമാനമായാണ് വര്‍ധിച്ചത്. ജില്ലയില്‍ ഇതുവരെ 37,323 പേരാണ് കൊവിഡ് പോസിറ്റീവായത്. വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി നിലവില്‍ 10,836 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രണ്ടാഴ്ചക്കിടയില്‍ കൊവിഡ് ബാധിച്ചവരില്‍ 98 ശതമാനം പേരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. തൊഴിലില്ലാതെ, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവരെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ പൊതുജനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. നിയന്ത്രണങ്ങളില്ലാതെ നടത്തുന്ന പല ആഘോഷങ്ങളും വഴിതുറക്കുന്നത് സമ്പര്‍ക്ക വ്യാപനമെന്ന വലിയ ദുരന്തത്തിലേക്കാണ്. ചെറിയ രോഗലക്ഷണങ്ങളുള്ള കാറ്റഗറി ബി വിഭാഗത്തില്‍ ഒരു ദിവസം ശരാശരി 128 പേരാണ് നിരീക്ഷണത്തിലാകുന്നത്. രോഗബാധിതര്‍ കൂടുമ്പോള്‍ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടതായി വരുന്നു. അഞ്ച് ലക്ഷത്തിലധികം പരിശോധനകളാണ് ജില്ലയില്‍ ഇതുവരെ നടത്തിയത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മടിക്കുന്നതും സമ്പര്‍ക്ക വ്യാപന നിരക്ക് വര്‍ധിക്കാനിടയാക്കുന്നു. ജാഗ്രത കൈവിട്ടുള്ള ഇടപെടലുകളും രോഗവ്യാപനത്തിന് ഇടയാക്കുന്നു.

കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ 110 പേരാണ് മരിച്ചത്. ഇതില്‍ 75 ശതമാനം പേരും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മറ്റ് ഗുരുതരമായ രോഗങ്ങളുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവരിലെ മരണനിരക്ക് 8 ശതമാനമാണ്.

Story Highlights 87 percentage covid of the cases in kozhikode are due to contact

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top