പാലക്കാട് നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: സാനിറ്റൈസര്‍ നിര്‍മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചെന്ന് പ്രാഥമിക നിഗമനം

പാലക്കാട് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ നാല് പേര്‍ മരിച്ചത് സാനിറ്റൈസര്‍ നിര്‍മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചെന്ന് പ്രാഥമിക നിഗമനം. പ്രദേശത്ത് മദ്യമെന്ന പേരില്‍ വില്‍പനയ്‌ക്കെത്തിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ പൊലീസിന് ലഭിച്ചു. അവശനിലയിലായ ഒന്‍പതു പേരില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് ദുരൂഹ സാഹചര്യത്തില്‍ മൂന്നുപേര്‍ മരിച്ചത്. രാമനെന്നയാള്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂര്‍ത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചാരയ രൂപത്തിലുള്ള മദ്യം കുടിച്ച മറ്റ് ഒന്‍പതു പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട് .ഇതില്‍ അരുണ്‍, ചെല്ലപ്പന്‍ എന്നിവരുടെ നില ഗുരുതരമാണ്. മരിച്ച അയ്യപ്പന്റെ മകനാണ് അരുണ്‍, വ്യാജമദ്യം കുടിച്ച മൂന്ന് സ്ത്രീകള്‍ക്ക് ഡയാലിസിസിന് നിര്‍ദ്ധേശിച്ചിട്ടുണ്ട്.
സാനിറ്റെസര്‍ നിര്‍മിക്കാനുപയോഗിക്കുന്ന സ്പിരിറ്റാണ് മദ്യമെന്ന പേരില്‍ ഇവര്‍ കുടിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും എക്‌സൈസും. മരിച്ച സഹോദരങ്ങളായ ശിവനും, മൂര്‍ത്തിയും വില്‍പ്പനയ്ക്കായെത്തിച്ചതാണ് വ്യാജമദ്യമെന്നാണ് സൂചന. അയ്യപ്പന്റെയും, രാമന്റെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പുറത്തു നിന്നുള്ള ആരോ വില്‍പനക്കായി കോളനിയിലുള്ളവര്‍ക്ക് വ്യാജമദ്യം നല്‍കിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും.
Story Highlights – Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here