തൃശൂരില്‍ ചന്ദനക്കടത്ത്; മിനി ലോറിയുമായി നാലംഗ സംഘം പിടിയില്‍

തൃശൂര്‍ മേച്ചിറ കോടശ്ശേരി മലയില്‍ ചന്ദനം കടത്തുകയായിരുന്ന നാലംഗ സംഘം പിടിയില്‍. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം കയറ്റിയ മിനി ലോറി അടക്കം പിടിച്ചെടുത്തത്.
ചാലക്കുടി വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ ചന്ദന തടികള്‍ മുറിച്ച് സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാലംഗ സംഘം പിടിയിലായത്.
Read Also : മറയൂരിൽ ചന്ദനക്കടത്ത്; ഒരാൾ പിടിയിൽ
വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട സംഘം വാഹനവുമായി കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പാലക്കാട് സ്വദേശി മുഹമ്മദ് അസ്‌ക്കര്‍ വനം വകുപ്പിന്റെ പിടിയിലായി. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ മണിക്കൂറുകള്‍ക്കകം ഇവരും വനം വകുപ്പിന്റെ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തിന് പിന്നില്‍ മണ്ണാര്‍ക്കാട് ലോബിയാണെന്നാണ് വനം വകുപ്പ് നല്‍കുന്ന സൂചന. ചന്ദനത്തടി കയറ്റിയ മിനി ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ഈ ചന്ദന തടികള്‍ കോടശ്ശേരി മലയില്‍ നിന്നുമാത്രമാണോ സംഘം മുറിച്ചതെന്ന് കാര്യത്തില്‍ വ്യക്തത ഇല്ല. മറ്റെവിടുന്നെങ്കിലും കടത്തിയ ചന്ദന തടികള്‍ ഇക്കൂട്ടത്തിലുണ്ടോ എന്ന് വനം വകുപ്പ് പരിശോധിച്ച് വരികയാണ്.
Story Highlights – sandalwood smuggling, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here