വാളയാർ മദ്യദുരന്തം വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് വാളയാർ മദ്യദുരന്തം വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂ. മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം സംസ്‌കരിച്ചു.

രാവിലെ 10 മണിയോടെയാണ് ചെല്ലംകാട് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ആരംഭിച്ചത്. മരിച്ചവരിൽ സംസ്‌കാരം നടത്തിയ രണ്ടു പേരുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ പുറത്തെടുത്തിരുന്നു. ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരിൽ ശിവന്റെ പോസ്റ്റുമോർട്ടം ഇന്നലെ തന്നെ പൂർത്തിയായിരുന്നു. അയ്യപ്പന്റെയും, രാമന്റെയും മൃതദേഹങ്ങൾ കൂടി ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. വെള്ളം കലർത്തുമ്പോൾ പാലുപോലെ പതഞ്ഞുപൊങ്ങുന്ന ദ്രാവകമാണ് കുടിച്ചത് എന്നാണ് കുടിച്ചവർ പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മദ്യത്തിൽ എന്താണ് കലർന്നത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. മദ്യം കഴിച്ചവരിൽ 8 പേർ നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം, മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാർ മലയടിവാരത്ത് ഉൾപ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിവിധ കോളനികൾ കേന്ദ്രീകരിച്ചും എക്‌സൈസ് സംഘത്തിന്റെ റെയ്ഡ് തുടരുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ ആദിവാസികൾ കഴിച്ചത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights Valayar, illicit liquor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top