പയറ്റുകാട് വിഷമദ്യദുരന്തം: അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് കമ്മീഷന്‍

പാലക്കാട് കഞ്ചിക്കോടിലെ പയറ്റുകാട് ആദിവാസി കോളനി വിഷമദ്യ ദുരന്തത്തില്‍ മരിച്ച ശിവന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല പട്ടിക വര്‍ഗ വികസന വകുപ്പ് ഏറ്റെടുക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍. കുട്ടികളുടെ സംരക്ഷണത്തിനും തുടര്‍ വിദ്യാഭ്യാസത്തിനുമാവശ്യമായ നടപടി സ്വീകരിക്കാന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടികളുള്‍പ്പെടെ അനാഥരായ മൂന്ന് കുട്ടികളുടെയും വീടിന്റെയും ശോചനീയാവസ്ഥ സംബന്ധിച്ച മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
അതേസമയം, ചെല്ലങ്കാവ് കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം പൊലീസ് കണ്ടത്തിയിരുന്നു. ചെല്ലങ്കാവ് കോളനിക്ക് സമീപത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടില്‍ കന്നാസില്‍ സൂക്ഷിച്ച മദ്യം കണ്ടത്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം. കഴിഞ്ഞ ദിവസമാണ് വാളയാറില്‍ വിഷമദ്യ ദുരന്തം നടന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ച് പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചു. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂര്‍ത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.
Story Highlights – Payatukadu alcohol tragedy: Commission calls for protection of orphans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here