കുമ്മനം രാജശേഖരനെതിരെ ചുമത്തിയത് കള്ളക്കേസ്; ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അറിയിച്ചു. സ്വർണക്കടത്തിൽ നാണം കെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also : കുമ്മനം രാജശേഖരന് എതിരെയുള്ള കേസ് രാഷ്ട്രീയമായി നേരിടും: കെ സുരേന്ദ്രന്
ആറന്മുള സ്വദേശിയിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനം അടക്കം ഒൻപത് പേർക്കെതിരെ കേസ് എടുത്തത്. കുമ്മനത്തിന്റെ മുൻ പിഎ ആയിരുന്ന പ്രവീണാണ് കേസിൽ ഒന്നാം പ്രതി. കേസിൽ നാലാം പ്രതിയാണ് കുമ്മനം. പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ഐപിസി 406, 420, 34 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.
പേപ്പർ കോട്ടൺ മിക്സ് നിർമിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്ന് പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 30 ലക്ഷത്തിലധികം തുക കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർ നടപടിയും ഉണ്ടായില്ല. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്ന് ഹരികൃഷ്ണൻ പറയുന്നു.
Read Also : സാമ്പത്തിക തട്ടിപ്പ് കേസ്; തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്
കുമ്മനം മിസോറാം ഗവർണറായിരുന്ന സമയത്താണ് പണം നൽകിയത്. മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ പല തവണയായി നാലര ലക്ഷം രൂപ തിരികെ കിട്ടിയെന്നും പരാതിയിൽ പറയുന്നു. കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടുവെന്നും മികച്ച സംരംഭമാണെന്ന് കുമ്മനം വിശ്വസിപ്പിച്ചുവെന്നും പരാതി ഉളള സാഹചര്യത്തിലാണ് അദ്ദേഹത്തെ പ്രതി ചേർത്തത്. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കുമ്മനം പ്രതികരിച്ചു.
Story Highlights – kummanan rajasekharan bjp protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here