നിക്ഷേപ തട്ടിപ്പ് കേസ്; എം. സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണ സംഘം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം. സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന കമറുദ്ദീന്റ വാദത്തിനെതിരെയാണ് അന്വേഷണ സംഘത്തിന്റ നടപടി.

സിവിലായി പരിഗണിക്കേണ്ട കേസുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എം. സി. കമറുദ്ദീന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് സംബന്ധിച്ച എതിര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജ്വല്ലറി ചെയര്‍മാന്‍ കമറുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതിനാവശ്യമായ തെളിവുകളും സംഘം ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി. കെ. പൂക്കോയ തങ്ങളെ ചോദ്യം ചെയ്തിരുന്നു. നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങള്‍ തങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതുള്‍പ്പടെ എതിര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ജ്വല്ലറി ചെയര്‍മാന്‍ എം. സി. കമറുദ്ദീന്‍ എംഎല്‍ എയെയും, എംഡി ടി. കെ. പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ പടന്നയിലെ പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് മാര്‍ച്ച് നടത്തി. തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നിക്ഷേപകരുടെ തീരുമാനം.

Story Highlights m c kamaruddin mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top