അവശ്യസാധനങ്ങളുടെ വിലക്കയറ്റം: സര്‍ക്കാര്‍ നിര്‍ജീവമെന്ന് ഉമ്മന്‍ ചാണ്ടി

കൊവിഡ് ദുരിതങ്ങള്‍ക്കിടയില്‍ അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ധനമൂലം ജനം നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കൈയുംകെട്ടി നില്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷത്തേക്ക് സപ്ലൈക്കോ വില കൂട്ടില്ലെന്ന വാഗ്ദാനം കാറ്റില്‍പ്പറന്നു. നെല്‍സംഭരണത്തിലെ ഗുരുതമായ വീഴ്ചമൂലം നെല്‍കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലുമായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒറ്റമാസത്തിനിടയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ അമ്പരിപ്പിക്കുന്ന വര്‍ധനവ് ഉണ്ടായി. സപ്ലൈക്കോയില്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ മിക്ക സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചു. ഇതിനിടെ നെല്‍ സംഭരണത്തിലെ ഗുരുതരമായ വീഴ്ചമൂലം കര്‍ഷകര്‍ ദുരിതത്തിലായി. കൊയ്ത നെല്ല് കനത്ത മഴയില്‍ പാടത്തുകിടന്നു കിളര്‍ക്കുന്നു. ബാക്കിയുള്ളത് കൊയ്യാനാകാതെ കര്‍ഷകര്‍ നട്ടംതിരിയുന്നു.
മില്ലുകളെ ഉപയോഗിച്ച് സപ്ലൈക്കോ വഴിയുള്ള നെല്ലു സംഭരണം നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പകരം സൊസൈറ്റികള്‍ വഴി സംഭരിക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ സൊസൈറ്റികള്‍ക്ക് നെല്ല് സംഭരിക്കാനുള്ള സംവിധാനം ഇല്ല. പ്രളയകാലത്ത് ഉണ്ടായ 16 കോടി രൂപയുടെ നഷ്ടം നികത്തണം എന്നതാണ് മില്ലുകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ഒരു ചര്‍ച്ചപോലും നടക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Story Highlights – Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here