Advertisement

വാഹന മോഡിഫിക്കേഷൻ: ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും [24 Explainer]

October 22, 2020
2 minutes Read
vehicle modification dos and donts 24 explainer

ഒരു വണ്ടി വാങ്ങിയാൽ അതിൽ സ്വന്തമായി ഒരു ഐഡന്റിറ്റി വേണമെന്ന് എല്ലാവർക്കും ആ​ഗ്രഹമുണ്ടാകും. അതുകൊണ്ട് തന്നെ ഒട്ടിക്കുന്ന സ്റ്റിക്കറിൽ മുതൽ വീലിൽ വരെ മാറ്റങ്ങൾ കൊണ്ടുവരാൻ നാം ശ്രമിക്കും. അങ്ങനെ മാറ്റിയ വണ്ടിയുമായി പുറത്തേക്കിറങ്ങുമ്പോഴായിരിക്കും മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴുന്നത്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കണം വണ്ടി മോഡിഫിക്കേഷനിൽ ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും….

നിറം

നിറം അടുമുടി മാറ്റുന്നതിൽ വിലക്കുണ്ടെങ്കിലും, ബോണറ്റ് മാത്രമോ, വണ്ടിയുടെ മുകൾ വശമോ മാത്രം നിറം മാറ്റുന്നതിൽ പ്രശ്നമില്ല. മുഴുവൻ നിറവും മാറ്റുകയാണെങ്കിൽ അത് ആർടിഒ ഓഫിസിൽ ഓൺലൈനായി അപേക്ഷിച്ച് അവിടെ കൊണ്ട് കാണിച്ച്, ആർസി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തണം.

വീൽ

അലോയ് വീലുകൾ പാടില്ല എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വ്യാപകമായിരുന്നു. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്.

പുറത്തേക്ക് തള്ളിനിക്കുന്ന വീലുകൾക്കാണ് നിരോധനം. അതുപോലെ തന്നെ EXTRA WIDE വീലുകളും വാഹന മോഡിഫിക്കേഷൻ നിയമത്തിന്റെ പരിധിയിൽ വരും. മാനുഫാക്ചറിം​ഗ് കമ്പനികൾ നിർദേശിക്കുന്ന HIGH VARIENT മുതൽ LOW VARIENT വരെയുള്ള വീൽ സൈസുകളും, അതിന് പറ്റിയ അലോയികളും ഉപയോ​ഗിക്കാം.

നമ്പർ പ്ലേറ്റ്

നമ്പർ പ്ലേറ്റിൽ വരെ ചിത്രപണികൾ ചെയ്യുന്ന വിരുതന്മാരുണ്ട്. അത്തരക്കാർ ഉടൻ തന്നെ അത് മാറ്റി പുതിയത് വയ്ക്കേണ്ടതാണ്. കാരണം നമ്പർ പ്ലേറ്റിൽ എഴുത്തുകളും, മറ്റ് ചിത്രങ്ങളൊന്നും പാടില്ല. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളാണ് ഇപ്പോൾ ഇറങ്ങുന്നത്. ഇതിൽ 10 അക്ക ഹൈ സെക്യൂരിറ്റി ഡിജിറ്റൽ നമ്പറുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് തന്നെ ഈ നമ്പർ പ്ലേറ്റുകൾ മാറ്റാനോ, ടാമ്പർ ചെയ്യാനോ പാടില്ല. 01-04-2019 മുതൽ പുറത്തിറങ്ങിയ വണ്ടികളിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ സൗജന്യമായി ഘടിപ്പിച്ച് നൽകേണ്ടത് ഡീലറുടെ കടമയാണ്.

പഴയ വണ്ടികൾ പതിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. പക്ഷേ ഇത്ഉ സംബന്ധിച്ച ഉത്തരവായിട്ടില്ല. അതുകൊണ്ട് തന്നെ റൂൾ 51 പ്രകാരമുള്ള നമ്പറുകളും, സൈസുകളും നമ്പർ പ്ലേറ്റിൽ വേണം.

ക്രാഷ്ബാർ, ബുൾബാർ

ക്രാഷ് ബാറുകൾ, ബുൾ ബാറുകൾ എന്നിവയ്ക്ക് സുപ്രിംകോടതി വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ക്രാഷ്ബാറുകൾക്കും ബുൾബാറുകൾക്കും വിലക്കേർപ്പെടുത്താനുള്ള ഒരു കാരണം, വാഹനം ഉണ്ടാക്കുന്ന തകരാർ തന്നെയാണ്. ക്രാഷ്ബാറുകളോ, ബുൾബാറുകളോ ഘടിപ്പിച്ച ഒരു വാഹനം വഴിയാത്രക്കാരനെ ഇടിച്ചാൽ ആ വ്യക്തിക്കുണ്ടാകുക ​ഗുരുതരമായ പരുക്കുകളായിരിക്കും. മാത്രമല്ല, ബുൾബാറുണ്ടെങ്കിൽ വാഹനത്തിലെ എയർ ബാ​ഗ് പ്രവർത്തിക്കില്ല.

ക്രാഷ്ബാറുകൾക്കും ബുൾബാറുകളും വാഹനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന വാദം പൊള്ളയാണെന്ന് ചുരുക്കം.

സ്റ്റിക്കറുകൾ

സ്റ്റിക്കറുകൾ തന്നെ പല വിധമുണ്ട്. ​ഗ്ലാസിലൊട്ടിക്കുന്ന കൂളി​ഗ് പേപ്പർ, ഭം​​ഗി കൂട്ടാൻ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ, മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ എന്നിവരുപയോ​ഗിക്കുന്ന ലോ​ഗോ സ്റ്റിക്കറുകൾ…ഇവ ഉപയോ​ഗിക്കുന്നതിനുമുണ്ട് ചില മാർ​ഗനിർദേശങ്ങൾ

കാറിലെ ​ഗ്ലാസിൽ കൂളിം​ഗ് പേപ്പർ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം അപകടം സംഭവിക്കുമ്പോൾ പൊടിയായി പൊടിഞ്ഞുപോകുന്ന രീതിയിലാണ് വണ്ടിയുടെ ചില്ലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചില്ല് കുത്തിക്കേറിയുണ്ടാകുന്ന മുറിവകൾ ഒഴിവാകും. പക്ഷേ കൂളി​ഗ് സ്റ്റിക്കർ ഒട്ടിക്കുന്നതോടെ ​ഗ്ലാസുകളുടെ ഈ സ്വഭാവം മാറും. എന്നാൽ വാഹനം നിർമിക്കുമ്പോൾ മുന്നിൽ 70 ശതമാനവും, ഇരുവശങ്ങളിലും 50 ശതമാനവും ടിന്റുള്ള ​ഗ്ലാസുകൾ ഉപയോ​ഗിക്കാം.

അതല്ലാതെ മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് സ്റ്റിക്കറുകൾ പതിപ്പിക്കാം. എന്നാൽ ഇവ മറ്റ് യാത്രക്കാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലാകരുത്.

ബസുകളിലെ പരസ്യചിത്രം/ ​ഗ്രാഫിക്സ്

ബസുകളിൽ പരസ്യ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിന് വിലക്കില്ല. പക്ഷേ സർക്കാർ നിശ്ചയിച്ച തുക അടച്ച് ആ തുകയ്ക്കുള്ള വലുപ്പിത്തിനനുസരിച്ചുള്ള പരസ്യ ചിത്രങ്ങൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. എന്നാൽ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ പോലെ ശ്രദ്ധ തിരിക്കുന്ന ​ഗ്രാഫിക്സുകളൊന്നും പാടില്ല.

കർട്ടനുകൾ

കർട്ടനുകൾ ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വണ്ടികളിൽ കർട്ടനുപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്.

സൈലൻസർ

ഒരു വണ്ടിയുടെ PERFORMANCE നെ സ്വാധീനിക്കുന്ന വസ്തുവാണ് സൈലൻസർ. അതുകൊണ്ട് തന്നെ സൈലൻസറിൽ രൂപ മാറ്റം വരുത്താൻ പാടില്ല. എന്നാൽ ചില ബൈക്കുകൾക്ക് ഓപ്ഷനലായി സൈലൻസറുണ്ടാകും. നിശ്ചിത ഡെസിബൽ സൗണ്ടിൽ വരുന്ന, ഓട്ടോമോട്ടീവ് ഇൻഡസ്ട​സ്റ്റിയൽ സ്റ്റാൻഡേർഡ് പ്രകാരമുള്ളവ, ഇവ നമുക്ക് ഉപയോ​ഗിക്കാം. കമ്പനി നൽകുന്ന സൈലൻസർ ഉപയോ​ഗിക്കാം.

ഫോ​ഗ് ലാമ്പുകൾ

ഹൈറേഞ്ചിൽ ഓടുന്ന വാഹനങ്ങളിൽ ചിലപ്പോൾ ഫോ​ഗ് ലാമ്പുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ചട്ടവിരുദ്ധമാണ്. വണ്ടിയുടെ മുൻ വശത്ത് എക്സ്ട്രാ ലൈറ്റുകളൊന്നും വയ്ക്കാൻ പാടില്ല. മൂമ്പിലെ ലൈറ്റുകൾ 50-60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല.

സീറ്റ്

പുതിയ വിജ്ഞാപനം പ്രകാരം, ഇന്നോവ പോലുള്ള എട്ട് സീറ്റ് വണ്ടി വേണമെങ്കിൽ നാല് സീറ്റാക്കാം. ഇറങ്ങുന്നതിനും കയറുന്നതിനും ബുദ്ധുമുട്ടുണ്ടാകരുത്. ഇതൊക്കെയാണ് സീറ്റുകളുടെ കാര്യത്തിൽ വരുത്താവുന്ന മാറ്റം. എന്നാൽ കമ്പനി അനുവദിക്കുന്നതിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിക്കാൻ പാടില്ല.

മറ്റ് മോഡിഫിക്കേഷനുകൾ

അതുപോലെ തന്നെ ജീപ്പുകളുടെ മുകൾഭാ​ഗം, ഹാർഡ് ടോപ്പോ, സോഫ്റ്റ് ടോപ്പോ ആക്കാം. ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം.

മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളൊന്നും വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ല. ഓർക്കുക വാഹനത്തിന്റെ മോഡി മാത്രമല്ല, നമ്മുടെ സുരക്ഷയും പ്രധാനമാണ്.

Story Highlights vehicle modification dos and donts 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top