തദ്ദേശ തെരഞ്ഞെടുപ്പ്; കൊല്ലം ജില്ലയില്‍ യുഡിഎഫിന് ജീവന്‍മരണ പോരാട്ടം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയില്‍ യുഡിഎഫിന് ഇത് ജീവന്‍മരണ പോരാട്ടമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലാകെ ദയനീയ പരാജയമായിരുന്നു യുഡിഎഫ് ഏറ്റുവാങ്ങിയത്. റിബല്‍ ശല്യമായിരുന്നു കോണ്‍ഗ്രസിനെ കുഴച്ചത്. ഇത്തവണ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുക കടുപ്പമേറിയ പണിയാണ്.

കെഎസ്‌യുവിന്റെ കുട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി മോഹവുമായി ഖദര്‍ തയ്പിച്ചിട്ടുണ്ട്. യുഡിഎഫ് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് ജില്ലയില്‍ എല്ലാ കാലത്തും തലവേദന എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പാണ്. ഗ്രൂപ്പ് നേതാക്കന്മാരുടെ ഇഷ്ടക്കാര്‍ക്കായി സീറ്റ് വീതം വയ്പ്പ് നടത്തി തോല്‍ക്കുന്ന പതിവ് രീതി, ഇത്തവണയും ആവര്‍ത്തിച്ചാല്‍ മരുന്നിന് ഒരു എംഎല്‍എ പോലുമില്ലാത്ത ജില്ലയിലെ നേതാക്കന്‍മാര്‍ക്ക് മറുപടി പറയേണ്ടി വരും. പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകുമെന്ന് പറയുമ്പോഴും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും ഇപ്പോഴേ രംഗത്തെത്തി കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളില്‍ ആകെ ആറിടത്ത് മാത്രമാണ് യുഡിഎഫ് മുന്നണിക്ക് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടായത്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപാലിറ്റി, എല്ലായിടത്തും തോറ്റു. ആ തോല്‍വി മറികടക്കാന്‍ കഠിന പ്രയത്‌നം വേണ്ടി വരും.

സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ആര്‍എസ്പിക്കും വിജയം അനിവാര്യമാണ്. മുന്നണികള്‍ തമ്മിലുള്ള സീറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. പലയിടത്തും സീറ്റുകള്‍ വെച്ചു മാറാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്ലം കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്ന റിബല്‍ ശല്യം ഇത്തവണയും ഉണ്ടാകുമോ എന്നും കാത്തിരുന്ന് കാണണം.

Story Highlights local body election kerala, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top