ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല; ലൈസന്‍സും പോകും

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യമാക്കാനാകും.
ഇത് കൂടാതെ വാഹനം ഓടിച്ചയാള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പില്‍ (2)ാം ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റിഫ്രഷര്‍ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സര്‍വ്വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവറെ ഒഴിവാക്കുകയില്ല.
2020 ഒക്ടോബര്‍ ഒന്ന് മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസര്‍ക്കോ, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കുവാനാകും. കൂടാതെ ബന്ധപ്പെട്ട ലൈസന്‍സിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരമുണ്ട്.
എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എം പി അജിത്കുമാര്‍ അറിയിച്ചു.
Story Highlights – riding without helmet will get your license suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here