ഹൈദരാബാദിനെ പൂട്ടി പഞ്ചാബ്; തുടർച്ചയായ നാലാം ജയം

srh won kxip ipl

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു ജയം. 12 റൺസിനാണ് പഞ്ചാബ് ഹൈദരാബാദിനെ തോല്പിച്ചത്. 127 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.5 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. 35 റൺസ് നേടിയ ഡേവിഡ് വാർണർ ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. പഞ്ചാബിനായി ക്രിസ് ജോർഡൻ, അർഷ്ദീപ് സിംഗ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

Read Also : കിംഗ്സ് ഇലവന് ബാറ്റിംഗ് തകർച്ച; സൺറൈസേഴ്സിന് 127 റൺസ് വിജയലക്ഷ്യം

മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് സൺറൈസേഴ്സിനു നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 7ആം ഓവറിൽ യുവ സ്പിന്നർ രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 20 പന്തുകളിൽ 35 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഡേവിഡ് വാർണറെ ബിഷ്ണോയ് വിക്കറ്റിനു പിന്നിൽ ലോകേഷ് രാഹുലിൻ്റെ കൈകളിൽ എത്തിച്ചു. അടുത്ത ഓവറിൽ ജോണി ബെയർസ്റ്റോ (19) മുരുഗൻ അശ്വിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റവുമായി എത്തിയ അബ്ദുൽ സമദിനും (7) ഏറെ ആയുസുണ്ടായില്ല. സമദിനെ ഷമിയുടെ പന്തിൽ ക്രിസ് ജോർഡൻ പിടികൂടി.

നാലാം വിക്കറ്റിൽ മനീഷ് പാണ്ഡെ-വിജയ് ശങ്കർ സഖ്യം 33 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി സൺറൈസേഴ്സിനെ വീണ്ടും ട്രാക്കിലെത്തിച്ചു. എന്നാൽ, 17ആം ഓവറിൽ മനീഷ് പാണ്ഡെയെ (15) പുറത്താക്കിയ ക്രിസ് ജോർഡൻ വീണ്ടും പഞ്ചാബിനു പ്രതീക്ഷ നൽകി. പാണ്ഡെയെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ജഗദീശ സുചിത് പിടികൂടുകയായിരുന്നു.

Read Also : ഐപിഎൽ മാച്ച് 42: കിംഗ്സ് ഇലവൻ ബാറ്റ് ചെയ്യും; അഗർവാൾ പുറത്ത്

ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും മെല്ലെ സ്കോർ ഉയർത്തിക്കൊണ്ടിരുന്ന വിജയ് ശങ്കർ (26) 18ആം ഓവറിൽ പുറത്തായത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയായി. ശങ്കറെ അർഷ്ദീപ് സിംഗിൻ്റെ പന്തിൽ ലോകേഷ് രാഹുൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 19ആം ഓവറിൽ ജേസൻ ഹോൾഡർ (5) ക്രിസ് ജോർഡൻ്റെ പന്തിൽ മൻദീപ് സിംഗിനു പിടിനൽകി മടങ്ങിയതോടെ കളി ഹൈദരാബാദ് കൈവിട്ടു. റാഷിദ് (0) തൊട്ടടുത്ത പന്തിൽ നിക്കോളാസ് പൂരാൻ്റെ കൈകളിൽ അവസാനിച്ചു. അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഓവറിലെ രണ്ടാം പന്തിൽ സന്ദീപ് ശർമ്മയെ (0) മുരുഗൻ അശ്വിൻ പിടികൂടി. അടുത്ത പന്തിൽ ഗാർഗും (3) മടങ്ങി. യുവതാരത്തെ ജോർഡാൻ പിടികൂടുകയായിരുന്നു. നാലാം പന്തിൽ ഖലീൽ അഹ്മദ് (0) റണ്ണൗട്ടായതോടെ ഹൈദരാബാദിൻ്റെ തകർച്ച പൂർണ്ണം.

Story Highlights sunrisers hyderabad won against kings xi punjab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top