‘2015ൽ നിത്യ ചെലവുകൾക്കുള്ള പണം പോലും ലഭിച്ചിരുന്നില്ല’; വെളിപ്പെടുത്തലുമായി വരുൺ ചക്രവർത്തി

2015ൽ നിത്യ ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താൻ താൻ ബുദ്ധിമുട്ടിയിരുന്നു എന്ന വെളിപ്പെടുത്തലുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ലെഗ് ബ്രേക്ക് ബൗളർ വരുൺ ചക്രവർത്തി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ മത്സരത്തിനു ശേഷമാണ് അദ്ദേഹം തൻ്റെ ഭൂതകാലത്തെപ്പറ്റി മനസ്സു തുറന്നത്. അവതാരകനും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
Read Also : ചക്രവർത്തിയുടെ ചക്രവ്യൂഹത്തിൽ തകർന്ന് ഡൽഹി; കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം
“ഇത് സ്വപ്നതുല്യമാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ എനിക്ക് വിക്കറ്റ് ലഭിച്ചിരുന്നില്ല. ഇന്ന് ഒന്നോ രണ്ടോ ലഭിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ദൈവത്തിനു നന്ദി, എനിക്ക് അഞ്ച് വിക്കറ്റ് ലഭിച്ചു. ശ്രേയാസ് അയ്യരുടെ വിക്കറ്റാണ് ഞാൻ ഏറെ ആസ്വദിച്ചത്. ഞാൻ നീളം കുറഞ്ഞ ബൗണ്ടറിയിലാണ് പന്തെറിഞ്ഞത്. അതുകൊണ്ട് എനിക്ക് സ്റ്റമ്പിനെ അറ്റാക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. അമ്മ ഹേമമാലിനിക്കും, അച്ഛൻ വിനോദ് ചക്രവർത്തിക്കും പ്രതിശ്രുത വധു നേഹയ്ക്കും എൻ്റെ ഫിസിയോകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. 2015ൽ എഞ്ചിനിയർ എന്ന നിലയിൽ നിത്യ ചെലവുകൾക്കുള്ള പണം പോലും എനിക്ക് ലഭിച്ചിരുന്നില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും പരീക്ഷിക്കാം എന്ന് കരുതിയത്.”- അദ്ദേഹം പറഞ്ഞു.
Read Also : ചക്രവർത്തിയുടെ വേരിയേഷനും ചത്ത പിച്ചിലെ അതിജീവനവും; ഇന്നത്തെ ഐപിഎൽ ഇങ്ങനെ
ഡൽഹിക്കെതിരെ 20 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ചക്രവർത്തിയുടെ മികവിൽ കൊൽക്കത്ത ഇന്നലെ കൂറ്റൻ ജയം കുറിച്ചിരുന്നു. 195 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 135 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 59 റൺസിന് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തിയ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ഋഷഭ് പന്ത്, ശ്രേയാസ് അയ്യർ, ഷിംറോൺ ഹെട്‌മെയർ, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ് ചക്രവർത്തി പിഴുതത്.
Story Highlights – Varun Chakravarthy gives emotional speech after fifer against DC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here