Advertisement

ഗെയിൽ സ്റ്റോമിൽ തകർന്ന് കൊൽക്കത്ത; മൻദീപിനും ഫിഫ്റ്റി: പഞ്ചാബിന് 8 വിക്കറ്റ് ജയം

October 26, 2020
Google News 2 minutes Read
kxip won kkr ipl

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. 150 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. രണ്ടാം വിക്കറ്റിൽ മൻദീപ് സിംഗും ക്രിസ് ഗെയിലും ചേർന്ന് കൂട്ടിച്ചേർത്ത റൺസാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. 66 റൺസെടുത്ത് പുറത്താവാതെ നിന്ന മൻദീപ് സിംഗാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ 51 റൺസ് നേടി. പഞ്ചാബിൻ്റെ തുടർച്ചയായ അഞ്ചാം ജയമാണ് ഇത്. ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

Read Also : ശുഭ്മൻ ഗില്ലിനു ഫിഫ്റ്റി; പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം

സൂക്ഷിച്ചാണ് പഞ്ചാബ് തുടങ്ങിയത്. ചെറിയ ടോട്ടൽ ആണെന്ന ബോധം ഉള്ളിൽ വെച്ച് റിസ്കുകൾ എടുക്കാതെ മൻദീപ്-രാഹുൽ സഖ്യം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. നന്നായി പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാരും പഞ്ചാബിനെ പിടിച്ചുനിർത്തി. എട്ടാം ഓവറിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് വേർപിരിയുന്നത്. 28 റൺസ് നേടിയ ലോകേഷ് രാഹുലിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ വരുൺ ചക്രവർത്തി കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. 8 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 എന്നതായിരുന്നു അപ്പോഴത്തെ സ്കോർ.

മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിലാണ് കൊൽക്കത്തയെ തകർത്തത്. ഷാർജയിലെ ചെറിയ ബൗണ്ടറികൾ മുതലെടുത്ത് അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത ഗെയിലിനൊപ്പം മൻദീപും മെല്ലെ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്താൻ തുടങ്ങി. സ്പിന്നർമാരെയും പേസർമാരെയും നിലത്തു നിർത്താതെ പ്രഹരിച്ച ഗെയിൽ കൊൽക്കത്തയെ മത്സരത്തിൽ നിന്ന് അനായാസം തുരത്തി.

Read Also : ഐപിഎൽ മാച്ച് 46: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങളില്ല

49 പന്തുകളിൽ മൻദീപും 25 പന്തുകളിൽ ഗെയിലും ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. വിജയിക്കാൻ 3 റൺസ് മാത്രമുള്ളപ്പോൾ ക്രിസ് ഗെയിൽ ലോക്കി ഫെർഗൂസനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 29 പന്തുകളിൽ 51 റൺസ് നേടിയ ഗെയിലിനെ പ്രസിദ്ധ് കൃഷ്ണ പിടികൂടുകയായിരുന്നു. പിന്നീട് പൂരാനും മൻദീപും ചേർന്ന് മറ്റ് നഷ്ടങ്ങളില്ലാതെ പഞ്ചാബിനെ വിജയിപ്പിക്കുകയായിരുന്നു.

Story Highlights kings xi punjab won against kolkata knight riders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here