Advertisement

ശുഭ്മൻ ഗില്ലിനു ഫിഫ്റ്റി; പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം

October 26, 2020
Google News 2 minutes Read
kkr kxip ipl innings

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 149 റൺസ് നേടിയത്. 57 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ഓയിൻ മോർഗൻ 40 റൺസെടുത്തു. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 46: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങളില്ല

തകർച്ചയോടെയാണ് കൊൽക്കത്ത തുടങ്ങിയത്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ നിതീഷ് റാണ (0) ക്രിസ് ഗെയിലിൻ്റെ കൈകളിൽ അവസാനിച്ചു. ഗ്ലെൻ മാക്സ്‌വെലിനായിരുന്നു വിക്കറ്റ്. രാഹുൽ ത്രിപാഠി (7), ദിനേശ് കാർത്തിക് (0) എന്നിവർ രണ്ടാം ഓവറിൽ മുഹമ്മദ് ഷമിയുടെ ഇരകളായി മടങ്ങി. ഇരുവരെയും ലോകേഷ് രാഹുൽ പിടികൂടുകയായിരുന്നു.

നാലാം വിക്കറ്റിൽ ശുഭ്മൻ ഗിൽ-ഓയിൻ മോർഗൻ സഖ്യത്തിൻ്റെ കൗണ്ടർ അറ്റാക്കാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. വിക്കറ്റ് നഷ്ടം കണക്കിലെടുക്കാതെ ആക്രമിച്ച് കളിച ഇരുവരും 81 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 10ആം ഓവറിൽ രവി ബിഷ്ണോയ് ഓയിൻ മോർഗനെ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 40 റൺസെടുത്ത മോർഗനെ മുരുഗൻ അശ്വിൻ പിടികൂടുകയായിരുന്നു.

Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ

മോർഗൻ പുറത്തായതിനു പിന്നാലെ വീണ്ടും കൊൽക്കത്തയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. സുനിൽ നരേൻ (6) ക്രിസ് ജോർഡാൻ്റെ പന്തിൽ ക്ലീൻ ബൗൾഡായപ്പോൾ കമലേഷ് നഗർകൊടി (6) മുരുഗൻ അശ്വിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. പാറ്റ് കമ്മിൻസ് (1) രവി ബിഷ്ണോയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഇതിനിടെ 36 പന്തുകളിൽ ഗിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ യുവതാരം മടങ്ങി. 57 റൺസെടുത്ത താരത്തെ മുഹമ്മദ് ഷമി നിക്കോളാസ് പൂരാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. വരുൺ ചക്രവർത്തിയെ (2) ക്രിസ് ജോർഡൻ ക്ലീൻ ബൗൾഡാക്കി. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകളിലൂടെ ലോക്കി ഫെർഗൂസൻ കാഴ്ച വെച്ച കാമിയോ ആണ് കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഫെർഗൂസൻ 13 പന്തുകളിൽ 24 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights Kolkata Knightrides vs Kings XI Punjab first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here