തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ മറുതന്ത്രം. ലീഗ് നേതാക്കളും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. കെസിബിസി അധ്യക്ഷ പദവി കൂടി വഹിക്കുന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ചെന്നിത്തല ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ജോസഫ് വാഴയ്ക്കനും ചെന്നിത്തലയ്‌ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സഭാ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം. ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റം യുഡിഎഫിന്റെ രാഷ്ട്രീയ സമവാക്യത്തിലുണ്ടാക്കിയ മാറ്റം വോട്ട് ചോരുന്നതിലേക്ക് വഴിമാറാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ നേരത്തെ സഭ യുഡിഎഫ് നേതൃത്വത്തെ അസംതൃപ്തി അറിയിച്ചിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കുന്നതില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ അനീതി നേരിടുന്നുവെന്നാണ് സഭയുടെ വിമര്‍ശനം. മുന്നോക്ക സംവരണത്തെ പിന്തുണയ്ക്കുന്ന സഭ ഇക്കാര്യത്തിലെ നിലപാടും നേതാക്കളെ അറിയിച്ചു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രാതിനിധ്യം സംബന്ധിച്ചും സഭാ നേതൃത്വം രമേശ് ചെന്നിത്തലയെ നിലപാടറിയിച്ചു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച് പ്രതികരിക്കാന്‍ സഭാ നേതൃത്വമോ പ്രതിപക്ഷ നേതാവോ തയാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീരസം പ്രകടമാക്കിയ സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം.
Story Highlights – UDF leadership seeks Catholic Church support in local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here