Advertisement

സ്പിൻ വല നെയ്ത് റാഷിദ് ഖാൻ; തകർന്നടിഞ്ഞ് ഡൽഹി

October 27, 2020
Google News 1 minute Read
srh won dc ipl

ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 88 റൺസിനാണ് കിംഗ്സ് ഇലവൻ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 19 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 36 റൺസ് നേടിയ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. അജിങ്ക്യ രഹാനെ 26 റൺസെടുത്തു. ഹൈദരാബാദിനായി റാഷിദ് ഖാൻ 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

220 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഇന്നിംഗ്സിൻ്റെ നാലിലൊന്ന് ഭാഗത്തും ബാക്ക്‌ഫൂട്ടിലായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ശിഖർ ധവാൻ (0) പവലിയനിലേക്ക് മടങ്ങി. ധവാനെ സന്ദീപ് ശർമ്മയുടെ പന്തിൽ ഡേവിഡ് വാർണർ പിടികൂടുകയായിരുന്നു. ബാറ്റിംഗ് പൊസിഷനിൽ സ്ഥാനക്കയറ്റവുമായി മൂന്നാം നമ്പറിൽ സ്റ്റോയിനിസ് എത്തി. ആ നീക്കം അമ്പേ പാളി. വെറും 5 റൺസ് മാത്രമെടുത്ത സ്റ്റോയിനിസ് രണ്ടാം ഓവറിൽ പുറത്തായി. ഷഹബാസ് നദീമിൻ്റെ പന്തിൽ സ്റ്റോയിനിസിനെ ഡേവിഡ് വാർണർ പിടികൂടി.

ഷിംറോൺ ഹെട്‌മെയറാണ് നാലാം നമ്പറിൽ ക്രീസിലെത്തിയത്. ചില മികച്ച ഷോട്ടുകൾ ഉയർത്തിയ ഹെട്‌മെയർ മൂന്നാം വിക്കറ്റിൽ രഹാനെക്കൊപ്പം 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഏഴാം ഓവറിൽ ഇരുവരെയും പുറത്താക്കിയ റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 റൺസെടുത്ത ഹെട്‌മെയറെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാക്കിയ റാഷിദ് രഹാനെയെ (26) വിക്കറ്റിനു മുന്നിൽ കുരുക്കി.

ശ്രേയാസ് അയ്യർ (7) വിജയ് ശങ്കറിൻ്റെ പന്തിൽ കെയിൻ വില്ല്യംസണിൻ്റെ കൈകളിൽ അവസാനിച്ചു. അക്സർ പട്ടേലിനെ (1) റാഷിദ് ഖാൻ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ പ്രിയം ഗാർഗിൻ്റെ കൈകളിൽ എത്തിച്ചു. കഗീസോ റബാഡയെ (3) നടരാജൻ ക്ലീൻ ബൗൾഡാക്കി. വിക്കറ്റുകളുടെ കൂട്ടപ്പൊരിച്ചിലിലും ഒറ്റക്ക് പൊരുതിയ ഋഷഭ് പന്ത് (36) സന്ദീപ് ശർമ്മയുടെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമിയുടെ കൈകളിൽ അവസാനിച്ചു. ആർ അശ്വിനെ (7) ജേസൻ ഹോൾഡറുടെ പന്തിൽ അബ്ദുൽ സമദ് പിടികൂടി. ആൻറിച്ച് നോർക്കിയ (1) ത്യാഗരാജ് നടരാജൻ്റെ പന്തിൽ പ്രിയം ഗാർഗിൻ്റെ കൈകളിൽ അവസാനിച്ചു. തുഷാർ ദേശ്പാണ്ഡെ (20) പുറത്താവാതെ നിന്നു.

Story Highlights sunrisers hyderabad delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here