സാമ്പത്തിക സംവരണം: മുസ്ലീം ലീഗിനെതിരെ ചങ്ങനാശേരി അതിരൂപത; യുഡിഎഫിനും വിമർശനം

സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനെതിരെ ചങ്ങനാശേരി അതിരൂപത. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖം മൂടി മാറ്റി പുറത്ത് വരുന്നു എന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

ലീഗ് ആദർശത്തിന്റെ പേരിലല്ല സംവരണത്തെ എതിർക്കുന്നത്. വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാർട്ടികൾ പോലും തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോൾ ലീഗ് ശക്തമായി എതിർക്കുകയാണ് ചെയ്യുന്നത്. പാർലമെന്റിൽ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വന്നപ്പോൾ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ അനുകൂലിച്ചു. അന്ന് എതിർത്ത് വോട്ട് ചെയ്ത മൂന്ന് പേർ മുസ്ലീം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎമ്മിന്റെ ഒരംഗവും ആയിരുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നു. ഒരു മതത്തിനാകെ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും പന്ത്രണ്ട് ശതമാനം വരെ സമുദായ സംവരണം അനുഭവിച്ചു പോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങൾ ഇതര സമൂഹങ്ങൾക്ക് ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണെന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നു.

യുഡിഎഫിന് എതിരെയും ചങ്ങനാശേരി അതിരൂപത വിമർശനം ഉന്നയിച്ചു. കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിന് മങ്ങലേറ്റിട്ടുണ്ടോ എന്ന് ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു. സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്ത വിധം മുന്നണി ദുർബലമായിരിക്കുകയാണോ? മുന്നണിയുടെ പ്രധാന കക്ഷിയായ കോൺഗ്രസിന് അതിന്റെ ദേശിയ നിലപാടിനെ പോലും അനുകൂലിക്കാൻ സാധിക്കുന്നില്ല. വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാരുടെ മേൽ പാർട്ടിക്ക് കാര്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടന പത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്ന് സംശയമാണെന്നും ചങ്ങനാശേരി അതിരൂപത വിമർശിക്കുന്നു.

Story Highlights Changanassery diocese, Muslim league, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top