വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ല; വര്‍ഗീയ സംഘടനകളുമായി യോജിച്ച് പോകാന്‍ പാര്‍ട്ടിക്ക് ആകില്ല: മുല്ലപ്പള്ളി

mullappally ramachandran

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും ജമാഅത്ത് ഇസ്ലാമിയും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. വര്‍ഗീയ കക്ഷികളോട് ഒരു ബന്ധവും പാടില്ലെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജമാഅത്ത് ഇസ്ലാമിയോട് യാതൊരു തെരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന്ന് ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വര്‍ഗീയ സംഘടനകളുമായി ഒരു കാലത്തും യോജിച്ച് പോകാന്‍ കോണ്‍ഗ്രസിനാവില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. ജമാഅത്ത് ഇസ്ലാമിയും ആര്‍എസ്എസും വര്‍ഗീയതയുടെ ഇരു മുഖങ്ങളാണ്. സിപിഐഎമ്മിനെ പോലെ ആരുമായും സഖ്യമാകാം എന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും വ്യക്തമാക്കി.

Read Also : മുസ്ലീംലീഗിന് തലവേദനയായി വെല്‍ഫെയര്‍ പാര്‍ട്ടി – യുഡിഎഫ് പ്രദേശിക സഖ്യ ചര്‍ച്ചകള്‍

എന്നാല്‍ ജമാഅത്ത് ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മുസ്ലിം യുവജന സംഘടനകള്‍ ഉയര്‍ത്തുന്നത്. മതരാഷ്ട്രീയത്തിന് ഒരിഞ്ചുപോലും ഇടം നല്‍കാനാവില്ലെന്നറിയിച്ച് സമസ്ത-മുജാഹീദ് സംഘടനകളുടെ കൂട്ടായ്മ രംഗത്തെത്തിയത്. വെറും അമ്പതിനായിരം വോട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സംസ്ഥാനത്തുളള മൂലധനം. അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പത് ലക്ഷം വോട്ടുകളെ ബലി കഴിക്കണോ എന്നകാര്യം യുഡിഎഫ്. തീരുമാനിക്കണമെന്ന് സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടിയെ പട്ടില്‍ പൊതിഞ്ഞ പാഷാണമെന്നാണ് നാസര്‍ ഫൈസി കൂടത്തായി വിശേഷിപ്പിച്ചത്. യുവജന സംഘടനകളുടെ ഈ നിലപാടിനെ മാതൃസംഘടനകള്‍ പിന്തുണയ്ക്കുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

മതേതര സഖ്യത്തെ ദുര്‍ബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നാണ് മുസ്ലിം യുവജനസംഘടനകളുടെ മുന്നറിയിപ്പ്. വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തിനെതിരെ വിവിധ മുസ്ലിം യുവജന സംഘടനകളുടെ കൂട്ടായ്മ ഒന്നിച്ച് അണിനിരക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

Story Highlights mullappally ramachandran, welfare party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top