മുസ്ലീംലീഗിന് തലവേദനയായി വെല്‍ഫെയര്‍ പാര്‍ട്ടി – യുഡിഎഫ് പ്രദേശിക സഖ്യ ചര്‍ച്ചകള്‍

മുസ്ലീംലീഗിന് തലവേദന സൃഷ്ട്ടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി – യുഡിഎഫ് പ്രദേശിക സഖ്യ ചര്‍ച്ചകള്‍. സമസ്ത യുവജന വിഭാഗം പ്രതിഷേധവുമായി പാണക്കാട് എത്തിയതോടെ ലീഗ് നേതാക്കള്‍ക്ക് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ഏറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമസ്ത, മുജാഹിദ് സംഘടനകള്‍ സ്വീകരിച്ച കടുത്ത നിലപാട് ലീഗ് നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ നിക്ക്പോക്ക് നടത്താനായിരുന്നു മുസ്ലീം ലീഗിന്റെ തീരുമാനം. തുടക്കം മുതല്‍ യൂത്ത് ലീഗ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ലീഗ് നേതൃത്വം പ്രതിഷേധം വകവെക്കാതെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിന് എതിരെ കടുത്ത നിലപാടുമായി രംഗത്ത് എത്തിയത്.

ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന ലീഗ് – സമസ്ത സംയുക്തയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ ഉണ്ടാകില്ലെന്ന് ലീഗ് നേതൃത്വം സമസ്തയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനം മറികടന്ന് കോഴിക്കോട് ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സീറ്റുകളുടെ എണ്ണത്തില്‍ പോലും രഹസ്യ ധാരണയില്‍ എത്തി. ഇതാണ് സമസ്തയെ ചെടുപ്പിച്ചത്. ഈ സാഹചര്യത്തില്‍ സംഘടനയുടെ പ്രതിഷേധം അറിയിക്കാന്‍ സമസ്ത പ്രത്യേക സമതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് ഇടയില്‍ മുജാഹിദ് സംഘടനകളും നിലപാട് കടുപ്പിച്ചതോടെ ലീഗ് നേതൃത്വം വെട്ടിലായി.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്ക് പോക്ക് ഉണ്ടാക്കുന്നതോടെ ഇതര വിഭാഗങ്ങളുടെയും ഒപ്പം സമസ്തയുടെയും മുജാഹിദിന്റെയും വലിയ ഒരു ശതമാനം വോട്ടില്‍ വിള്ളല്‍ ഉണ്ടാകുമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ വിലയിരുത്തല്‍. അതെസമയം, വെല്‍ഫെയര്‍ പാര്‍ട്ടി ലീഗുമായി അടുക്കുന്നത് ലീഗ് – സമസ്ത ബന്ധത്തെ പ്രതികൂലമായി ബാധിക്കുമോ ആശങ്കയും സമസ്തയ്ക്കുമുണ്ട്.

Story Highlights welfare party-udf alliance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top