എം. ശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതോടെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു സംഭവത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണാധികാരത്തെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു. 115 ദിവസമായി ഈ കേസ് അന്വേഷണം നടക്കുകയാണ്. ഗുരുതരമായ കുറ്റങ്ങളാണ് എം. ശിവശങ്കര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്ന് സംശയമില്ല. അഴിമതിയുടെ കൂടാരമായി സര്‍ക്കാര്‍ മാറി. സംസ്ഥാനം കണ്ട ഏറ്റവും വലിയ കറുത്ത അധ്യായമായി ഈ സംഭവം മാറി. ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എം. ശിവശങ്കറിന്റെ അറസ്റ്റ് രാത്രി 10.30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Story Highlights m. sivasankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top