യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ

യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ. സ്വർണവും പണവും കവർച്ച നടത്താനായി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി അഷ്ഫീർ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയിൽ, നാലാം പ്രതി ടി. ശമ്മാസ് എന്നിവരാണ് കേസിലെ പ്രതികൾ.

27 പ്രതികളുള്ള കേസിൽ മറ്റുള്ളവർക്ക് അഞ്ചു വർഷം, രണ്ടു വർഷം, ആറ് മാസം എന്നിങ്ങനെ തടവുശിക്ഷയുമാണ് വിധിച്ചത്. അതേസമയം, ഏതാനും പ്രതികളെ വെറുതെവിടുകയും ചെയ്തു. 27 പേരിൽ പ്രധാന പ്രതികളായ മൂന്നു പേർ മുൻപ് തന്നെ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

2019 ജൂണിലാണ് ദോഹയിൽ വിവിധയിടങ്ങളിൽ ജ്വല്ലറികൾ നടത്തിയിരുന്ന യെമൻ സ്വദേശിയെ മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്‌ളാറ്റിൽ വച്ച് കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് ശേഷം ഇയാളിൽ നിന്ന് കവർന്ന പണം പ്രതികൾ നാട്ടിലേക്ക് അയച്ചിരുന്നു. സംഭവത്തിന് ശേഷം ചിലർ ഖത്തറിൽ നിന്ന് രക്ഷപെട്ടിരുന്നു. മറ്റു പ്രതികൾ ഒരു വർഷത്തിലേറെയായി ജയിലിലാണ്. പ്രതികൾക്ക് സൗജന്യ നിയമസഹായം നൽകിയത് സാമൂഹ്യ പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ. നിസാർ കോച്ചേരി ആയിരുന്നു.

Story Highlights malayalies sentenced to death in Qatar for killing Yemeni national

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top