ബിഹാർ തെരഞ്ഞെടുപ്പ്: 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന ആവശ്യമായി ആർ.ജെ.ഡി

ബിഹാർ നിയമസഭയിലേക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന ആവശ്യവുമായി ആർ.ജെ.ഡി. ഇ.വി.എമ്മിലെ തകരാർ മൂലം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളിൽ പോളിംഗ് റദ്ദാക്കണമെന്നാണ് ആർ.ജെ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.വി.എം തകരാറിന് പിന്നിൽ കേന്ദ്ര സർക്കാരും ബി.ജെ.പിയുമാണെന്നും ആർ.ജെ.ഡി ആരോപിച്ചു.

ജമുയിലെ ആർ.ജെ.ഡി സ്ഥാനാർത്ഥി വിജയ് പ്രകാശാണ് ആരോപണവുമായി രംഗത്തെത്തിയത്. 55 പോളിംഗ് ബൂത്തുകളിൽ ഇ.വി.എം തുടർച്ചയായി പണിമുടക്കിയെന്നും മെഷീനുകൾ മാറ്റിയിട്ടും വോട്ടെടുപ്പ് കാര്യക്ഷമമായില്ലെന്നും വിജയ് പ്രകാശ് പറഞ്ഞു.

ബിഹാറിൽ 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയത്. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകൾക്കകം ചില ബൂത്തുകളിൽ ഇ.വി.എം തകരാറിലായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തിൽ ആർജെഡി 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറിൽ എൻഡിഎ വിട്ട എൽജെപിയുടെ 41 സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു. ജെഡിയു മത്സരികുന്ന 35 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ള എൽ.ജെ.പി, ബി.ജെ.പി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

Story Highlights RJD candidate wants polling cancelled in 55 booths

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top