ആരോഗ്യസേതു നിർമ്മിച്ചത് ആര്?; മറുപടി പറയാൻ വിസമ്മതിച്ച് കേന്ദ്രം; വിശദീകരണം തേടി വിവരാവകാശ കമ്മീഷൻ

രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഔദ്യോഗിക ആപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം. ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേർന്ന് വികസിപ്പിച്ചതെന്ന് ആരോഗ്യസേതു ആപ്പിൽ തന്നെ പറയുമ്പോഴാണ് കേന്ദ്രം മറുപടി പറയാൻ വിസമ്മതിച്ചത്. ഇതേ തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി.
സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് ആണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചത്. വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം കമ്മീഷന് പരാതി നൽകുകയായിരുന്നു. വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് വിശദീകരിച്ചു കൊണ്ടാണ് ദേശീയ വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയത്. ആപ്പ് വികസിപ്പിച്ചത് ആരെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷൻ പറഞ്ഞു. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
Read Also : ആരോഗ്യസേതുവിൽ സുരക്ഷാ പിഴവെന്ന് ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ഹാക്കർ; ആരോപണം തള്ളി കേന്ദ്രം
കോടിക്കണക്കിന് ആളുകളാണ് ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ജോലിക്കാർക്ക് പുറത്തിറങ്ങാൻ കേന്ദ്രം ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയിരുന്നു. അതേസമയം, ആപ്പിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പല കോണിൽ നിന്നും ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇത്തരത്തിൽ ആശങ്ക പങ്കുവച്ചിരുന്നു. ആവശ്യത്തിലധികം വിവരങ്ങൾ ആപ്പ് ആവശ്യപ്പെടുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ കോൺടാക്ട്-ട്രേസിംഗ് ആപ്പുകളുടെ നിലവാരം ഇതിനില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. ജിപിഎസ് കേന്ദ്രീകരിച്ചുള്ള ലൊക്കേഷൻ്റെ ഡേറ്റ ഉപയോഗം ഏറെ അപകടകരമാണെന്നും ആരോപണം ഉയരുന്നു.
Story Highlights – Who Created Aarogya Setu? RTI Body Pulls Up Government Over Evasive Reply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here