സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. കേസില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ വിളിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കറെന്നും മുഖ്യമന്ത്രിയാണ് പ്രതിക്കൂട്ടിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പീലാത്തോസിനെ പോലെ കൈ കഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല. ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുമായി ശിവശങ്കറിനെക്കാള്‍ കൂടുതല്‍ ബന്ധം മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ദേശീയ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴിക്കുള്ളിലാകുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. കേരളത്തിന്റെ സര്‍വാധികാരിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും കേരളത്തിലേത് അധോലോക സര്‍ക്കാരാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സിപിഐഎം നേതാവ് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ശിവശങ്കര്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top