Advertisement

വീട്ടിലിരുന്ന് തന്നെ സൗജന്യമായി ഡോക്ടറെ കാണാം; ഇ സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ

October 29, 2020
4 minutes Read
e sanjeevani

ആശങ്കകളും വ്യാകുലതകളും നിറഞ്ഞ ഒരു മഹാമാരിക്കാലത്തുകൂടിയാണ് നാമോരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല കൊവിഡ് സാഹചര്യം അതിനാല്‍ തന്നെ പ്രവൃത്തിയിലും ചര്യകളിലും ഒരു പുതിയൊരു സംസ്‌കാരം നാം രൂപപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യപരിപാലനത്തിലും അത്തരമൊരു മാറ്റം നാം കൊണ്ടുവരേണ്ടതാണ്. അതിന്റെ ഭാഗമായാണ് ഇ സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഇന്ന് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ നേടി വിപുലമായിക്കൊണ്ടിരിക്കുന്നത്.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രൂപംകൊണ്ട ചികിത്സ സംവിധാനം

2020 ജൂണ്‍ 10 ന് കേരളത്തില്‍ ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ആരംഭിച്ചു. തുടക്കത്തില്‍ ഒരു കേന്ദ്രീകൃതമായ രീതിയില്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതിനായായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്.

പതിവ് ഒ പി പരിശോധനകള്‍ക്കായി ആശുപത്രികളിലെ ഒ പി സംവിധാനം ഉപയോഗിക്കുന്നത് ജനങ്ങള്‍ പരമാവധി ഒഴിവാക്കി പ്രത്യേകിച്ചും മഹാമാരി കാലത്ത് വീടുകളില്‍ ഇരുന്നുതന്നെ ഡോക്ടറെ കാണാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത്. ഇതിലൂടെ അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും പകരം പതിവ് കണ്‍സള്‍ട്ടേഷനുകള്‍ വീടുകളില്‍ ഇരുന്നുതന്നെ ചെയ്യാനും സാധിക്കുന്നു. ഇതു മാറ്റങ്ങളുടെ തുടക്കമാണ്.

ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം

 • തികച്ചും സൗജന്യമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഓരോരുത്തരും എത്രമാത്രം ചെയ്യേണ്ടതാണ്.
 • https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
 • ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
 • പ്രസ്തുത വ്യക്തികള്‍ ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
 • തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്തശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കുന്നു.
 • തുടര്‍ന്ന് ഓപി കണ്‍സള്‍ട്ടേഷനും പൂര്‍ത്തിയാക്കാം.

നാള്‍ക്കുനാള്‍ കൂടിവരുന്ന പ്രസക്തി

മാറുന്ന ആരോഗ്യസംസ്‌കാരത്തിന്റെ മുഖമുദ്രയാണ് ഇന്നു ഇ സഞ്ജീവനി. നഗര – ഗ്രാമ ഭേദമെന്യേ ജനങ്ങള്‍ ഇ സഞ്ജീവനിയെ ഇന്നു ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആരോഗ്യ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ ഇ സഞ്ജീവനിയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്ര- സാങ്കേതിക രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ ജനതക്ക് കൈയില്‍ ഉള്ള ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയുള്ള ലാപ്‌ടോപ് അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു സ്വന്തം വീടുകളില്‍ വച്ചോ ജോലി സ്ഥലത്തോ വച്ചുതന്നെ ഡോക്ടറെ കാണാന്‍ സാധിക്കുമെന്ന സ്ഥിതി വിശേഷം രൂപപ്പെടുത്താന്‍ സാധിച്ചു. ഇത്തരത്തില്‍ മാറിയ കാലത്തെ മാറുന്ന കാഴ്ചപ്പാടുകള്‍ ജനങ്ങളില്‍ രൂപപ്പെടുത്താന്‍ ഇ സഞ്ജീവനിക്ക് കഴിഞ്ഞു.

സ്‌പെഷ്യാലിറ്റി ഒ പി സേവനങ്ങള്‍ ഇ സഞ്ജീവനിയുടെ മാത്രം പ്രത്യേകത

സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനത്തെ പ്രശസ്തിയാര്‍ജിച്ച സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 659 ഡോക്ടര്‍മാര്‍ക്ക് നാളിതുവരെ ഇ സഞ്ജീവനി പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെയുള്ള സമയത്താണ് ഇ സഞ്ജീവനി സേവനങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക സമയത്തില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്ന ഒ പികളും ക്രമീകരിച്ചിട്ടുണ്ട്.

 • എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെ ജനറല്‍ ഒ പി കണ്‍സള്‍ട്ടേഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്.
 • പ്രമേഹ രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കുകള്‍ എല്ലാ ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4 വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം നേതൃത്വത്തില്‍ നടത്തുന്നതായിരിക്കും.
 • കുട്ടികള്‍ക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്‍ എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഇംഹാന്‍സ് കോഴിക്കോട് ഇ സഞ്ജീവനിയുമായി ചേര്‍ന്ന് നടത്തുന്നതായിരിക്കും.
 • മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകള്‍ ഇംഹാന്‍സ് കോഴിക്കോട് എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഇ സഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നു.
 • മലപ്പുറം ജില്ലയിലെ സൈക്യാട്രിസ്റ്റുമാര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ഇ സഞ്ജീവനിയിലൂടെ നടക്കുന്നതായിരിക്കും.
 • കൂടാതെ മലപ്പുറം ജില്ലയിലെ ത്വക് രോഗവിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ടെലി മെഡിസിന്‍ ഒപി സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഉണ്ടായിരിക്കുന്നതാണ്.
 • എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ 4 വരെ അര്‍ബുദ ചികിത്സാ ക്ലിനിക്കുകള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി ഇ സഞ്ജീവനി മുഖേന നല്‍കുന്നതായിരിക്കും.
 • സര്‍ജിക്കല്‍ ഓങ്കോളജി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
 • ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ വിഭാഗം ചൊവ്വ, വെള്ളി ദിവസങ്ങളില്‍
 • മെഡിക്കല്‍ ഓങ്കോളജി ബുധന്‍, വെള്ളി ദിവസങ്ങളില്‍
 • രക്താര്‍ബുദ സംബന്ധമായ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍
 • സ്തനാര്‍ബുദ സംബന്ധമായ ക്ലിനിക്കുകള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍
 • ശ്വാസകോശ സംബന്ധമായ ക്ലിനിക്കുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും
 • കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സ ക്ലിനിക്കുകള്‍ എല്ലാ ബുധനാഴ്ചകളിലും
 • റേഡിയേഷന്‍ ക്ലിനിക്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
 • പുനരധിവാസ ക്ലിനിക്കുകളും ദന്തരോഗ ചികിത്സ വിഭാഗവും എല്ലാ വെള്ളിയാഴ്ചകളിലും
 • സാന്ത്വന പരിചരണ ചികിത്സ ക്ലിനിക്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍
 • കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 നും ഉച്ചയ്ക്ക് 12നും ഇടയിലുള്ള സമയം ഇ സഞ്ജീവനിയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ചികിത്സയ്ക്കായും കൂടി വിനിയോഗിക്കുന്നതായിരിക്കും.
 • ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ വിഭാഗം ബുധന്‍, വെള്ളി ദിവസങ്ങളില്‍
 • മെഡിക്കല്‍ ഓങ്കോളജി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍
 • ഗര്‍ഭാശയ കാന്‍സര്‍ ക്ലിനിക്കുകള്‍ എല്ലാ വ്യാഴാഴ്ചകളിലും
 • റേഡിയേഷന്‍ ക്ലിനിക്കുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍
 • റീജിണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ അര്‍ബുദ ചികിത്സ ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെയും നല്‍കുന്നതായിരിക്കും.
 • കാന്‍സര്‍ രോഗനിര്‍ണയ സംശയ നിവരാണ വിഭാഗം എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതായിരിക്കും
 • ചൊവ്വാഴ്ച്ചകളില്‍ ഡി ക്ലിനിക്കും ഇ ക്ലിനിക്കും എഫ് ക്ലിനിക്കും പ്രവര്‍ത്തിക്കും.
 • വെള്ളിയാഴ്ചകളില്‍ സി ക്ലിനിക്കും ബി ക്ലിനിക്കും എ ക്ലിനിക്കും പ്രവര്‍ത്തിക്കും.
 • കോഴിക്കോട് ജില്ലയില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ഇ സഞ്ജീവനി മുഖേന നല്‍കാനും തുടങ്ങിയിരിക്കുന്നു.വിശദ വിവരങ്ങള്‍ താഴെ,
 • ത്വക് രോഗവിഭാഗം തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടത്തുന്നു
 • ശിശുരോഗ വിഭാഗം ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടത്തുന്നു
 • ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4 വരെ നടത്തുന്നു
 • സൈക്ക്യാട്രി ക്ലിനിക്കുകള്‍ ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4 വരെ നടത്തുന്നു
 • ഹൃദ്രോഗ ചികിത്സ വിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകിട്ട് 1 വരെ നടത്തുന്നു
 • ജനറല്‍ മെഡിസിന്‍ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും നടത്തുന്നു

പുതിയ ക്ലിനിക്കുകള്‍ക്കു തുടക്കം കുറിച്ചു

ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം ജില്ലാതലത്തില്‍ ഇ സഞ്്ജീവനിയിലൂടെ നല്‍കി തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ അഥവാ ഡിഐസി സേവനങ്ങള്‍ ഇ സഞ്ജീവനിയിലൂടെ ലഭ്യമാണ്. അഡോളസന്റ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും ഇ സഞ്ജീവനിയില്‍ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ റൊട്ടേഷന്‍ പ്രകാരം 5 കൗണ്‍സിലര്‍മാര്‍ ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സിഎഫ്എല്‍റ്റിസി- കൊവിഡ് ആശുപത്രി ലിങ്കേജ് വഴി വിദഗ്ദ്ധ സേവനം നല്‍കാന്‍ സാധിക്കുന്നു. രോഗലക്ഷണങ്ങളെ സംബന്ധിക്കുന്ന വിദഗ്ധ നിര്‍ദേശങ്ങള്‍ സിഎഫ്എല്‍റ്റിസി ഡോക്ടര്‍മാര്‍ക്ക് നല്‍കി റഫറല്‍ സംവിധാനം കാര്യക്ഷമമായി നടത്താന്‍ സിഎഫ്എല്‍റ്റിസികളെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. മാത്രമല്ല രോഗം ബാധിച്ചു ഭവനങ്ങളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ഇ സഞ്ജീവനി വലിയൊരു അനുഗ്രഹമായി ഇന്ന് മാറിയിരിക്കുകയാണ്

പുത്തന്‍ ചുവടുവയ്പ് ഏവരും പ്രയോജനപ്പെടുത്തുക

ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ കുറിച്ച് നല്‍കപ്പെടുന്ന മരുന്നുകള്‍ നിര്‍ദേശമടങ്ങുന്ന ഇ സഞ്ജീവനി കുറിപ്പടിയോടൊപ്പം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകള്‍ സൗജന്യമായി ഇപ്പോള്‍ ലഭിക്കുന്നതായിരിക്കും.

അതോടൊപ്പം പരിശോധനകള്‍ സംബന്ധിച്ച ഇ സഞ്ജീവനി കുറിപ്പടി ലഭിച്ചാല്‍ പ്രസ്തുത ആശുപത്രിയില്‍ ലഭ്യമായ പരിശോധനകള്‍ അവിടെ നിന്നും ചെയ്യാവുന്നതാണ്. ഇ സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. ഇക്കാര്യം മനസിലാക്കി പൊതുജനങ്ങള്‍ ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തൂ. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കൂ…. കൊവിഡ് 19 മാഹാമാരിയോടോത്തുള്ള യാത്രയില്‍ ഇ സഞ്ജീവനി ഒരു സഹായഹസ്തം തന്നെയാണ്.

Story Highlights e sanjeevani telemedicine project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement