മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍

എം. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്നും തെരുവില്‍. കോഴിക്കോട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച കോഴിക്കോട് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ചിന്നക്കടയില്‍ കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി രാജി വയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Story Highlights – Opposition groups
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here