ഹൃദ്രോഗിയായ അച്ഛന് താങ്ങായി പച്ചക്കറി കച്ചവടവുമായി ആദിത്യനും അനിയന്മാരും
വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന മൂന്ന് സഹോദരങ്ങളുണ്ട് ആലപ്പുഴ കോയിപ്പള്ളിയില്‍. ഹൃദ്രോഗിയായ അച്ഛന് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് സഹോദരങ്ങള്‍ ചേര്‍ന്ന് അച്ഛന്‍ തുടങ്ങിവച്ച പച്ചക്കറി കച്ചവടം ഏറ്റെടുത്തത്. ആദ്യം ഘട്ടത്തില്‍ ഇവര്‍ക്ക് ഇതൊരു കൗതുകമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഏക ജീവിത വരുമാനമാണ്. വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ ഒന്‍പതാം ക്ലാസുകാരന്‍ ആദിത്യനും അനിയന്‍കുട്ടന്‍മാരും ഓടിയെത്തുന്നത് വഴിയോരത്തുള്ള കൊച്ചു കടയിലേക്കാണ്.
കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകണമെന്നൊക്കെ ഇവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ ആ ആഗ്രഹങ്ങളൊക്കെ മാറ്റിവെച്ച് ഇവര്‍ കച്ചവടം നടത്തുന്നത് പിതാവിനെ സഹായിക്കാനാണ്. പച്ചക്കറി ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ച് തുടങ്ങിയതോടെ ഇവര്‍ സാധനങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ എത്തിച്ചും നല്‍കുന്നുണ്ട്.
സ്വര്‍ണ പണിക്കാരനായിരുന്ന അച്ഛന്‍ ശെല്‍വരാജിന് ഹൃദ്രോഗത്തെ തുടര്‍ന്ന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയെങ്കിലും കൊവിഡ് ആ വരുമാനവും ഇല്ലാതാക്കി. മുന്നോട്ടുള്ള ജീവിതമാര്‍ഗം കണ്ടെത്താന്‍ മക്കള്‍ കൂടി ഒപ്പം ചേര്‍ന്നതില്‍ ഈ അച്ഛന് സന്തോഷവും അഭിമാനവുമുണ്ട്. സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം മാത്രമാണ് ഈ കുരുന്നുകള്‍ക്ക് ഇപ്പോള്‍ ഉള്ളത്. അതിനുള്ള ശ്രമങ്ങളും അച്ഛനൊപ്പം ചേര്‍ന്ന് ഇവര്‍ നടത്തുന്നുണ്ട്.
Story Highlights – children helps sick father by selling vegetables
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here